കുട്ടിക്രിക്കറ്റിലെ ചാംപ്യന്‍മാരാവാന്‍ കിവീസും ഓസീസും നേര്‍ക്കുനേര്‍

മല്‍സരം രാത്രി 7.30ന് ദുബയിലാണ്.

Update: 2021-11-14 07:42 GMT


ദുബയ്: കുട്ടിക്രിക്കറ്റിലെ ലോക കിരീടം കരസ്ഥമാക്കാന്‍ ഓസ്‌ട്രേലിയയും ന്യൂസിലന്റും ഇന്ന് ദുബയില്‍ നേര്‍ക്കുനേര്‍.സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ കരുത്തരായ പാകിസ്താനെ സെമിയില്‍ വീഴ്ത്തിയാണ് വരുന്നത്. ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്റ് ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ട ഇംഗ്ലണ്ടിനെയാണ് സെമിയില്‍ പരാജയപ്പെടുത്തിയത്.കിരീട സാധ്യത കല്‍പ്പിക്കാത്ത രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലില്‍ എത്തിയത്. ഇരുടീമിനും ട്വന്റി കിരീടം ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ ഏകദിന ലോകകപ്പ് നേടിയ ടീമാണ് ഓസിസ്. ഏകദിനത്തിലും ട്വന്റിയിലും ഒരു ലോകകപ്പ് നേടാന്‍ ഭാഗ്യമില്ലാത്ത ടീമാണ് ന്യൂസിലന്റ്. ടെസ്റ്റ് ഫോര്‍മാറ്റിലെ ലോക ചാംപ്യന്‍മാരാണ് കിവികള്‍. മല്‍സരം രാത്രി 7.30ന് ദുബയിലാണ്.


ഓസിസ് ബാറ്റിങും കിവി ബൗളിങ് തമ്മിലാണ് പ്രധാന പോരാട്ടം. ടോസ് നേടി ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കാന്‍ തന്നെയാവും ഇരുനായകന്‍മാരും ആഗ്രഹിക്കുക. ഡേവിഡ് വാര്‍ണറാണ് ഓസിസ് ബാറ്റിങിന്റെ കരുത്ത്. കിവി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡെവണ്‍ കോണ്‍വെ ഇന്ന് കളിക്കാത്തത് അവര്‍ക്ക് തിരിച്ചടിയാവും. ഫൈനലില്‍ 100ശതമാനം കാണികള്‍ക്കും ദുബയ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കും. ഇതോടെ ഫൈനല്‍ ആവേശം ഇരട്ടിയിലധികമാവും. സെമിയില്‍ പാകിസ്താനെതിരേ ഓസിസിന് പിന്തുണ നല്‍കിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ന് പക്ഷേ കാനെ വില്ല്യംസണ്‍ നയിക്കുന്ന കിവികള്‍ക്കാവും പിന്തുണ നല്‍കുക.




Tags:    

Similar News