തിരിച്ചടിച്ച് കിവികള്‍; ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് മറികടക്കുകയായിരുന്നു. ടെയ്‌ലറുടെ സെഞ്ചുറി (109) മികവിലാണ് കിവികള്‍ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്നത്.

Update: 2020-02-05 12:03 GMT

ഹാമില്‍ട്ടണ്‍: ട്വന്റി-20 പരമ്പര കൈവിട്ട ന്യൂസിലന്റ് വമ്പന്‍ തിരിച്ചുവരവില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനം സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ നടന്ന മല്‍സരത്തില്‍ നാല് വിക്കറ്റിനാണ് ന്യൂസിലന്റിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് മറികടക്കുകയായിരുന്നു. ടെയ്‌ലറുടെ സെഞ്ചുറി (109) മികവിലാണ് കിവികള്‍ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്നത്. 11 പന്ത് ശേഷിക്കെയാണ് ന്യൂസിലന്റ് 348 റണ്‍സ് നേടിയത്. ടെയ്‌ലറിന് പുറമെ നിക്കോളസ്(78), ലഥാം (69) എന്നിവരും മികച്ച ഫോം പിന്‍തുടര്‍ന്നപ്പോള്‍ ജയം ആതിഥേയര്‍ക്കൊപ്പമായിരുന്നു. കേദര്‍ ജാദവ് ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി. ഇന്ത്യന്‍ ബൗളിങ്ങിലെ തുരുപ്പ് ചീട്ടായ ജസ്പ്രീത് ബുംറയ്ക്ക് ഇന്ന് വിക്കറ്റുകള്‍ നേടാനായില്ല. ഷമിയും ഠാക്കൂറും ഓരോ വിക്കറ്റുകള്‍ നേടിയെങ്കിലും ന്യൂസിലന്റ് ബാറ്റിങിനെ തകര്‍ക്കാന്‍ ഇവര്‍ക്കായില്ല.

നേരത്തെ ശ്രേയസ് അയ്യരുടെ കന്നി സെഞ്ചുറി (103) മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു. 107 പന്തില്‍ നിന്നാണ് ശ്രേയസിന്റെ സെഞ്ചുറി. കെ എല്‍ രാഹുല്‍ 88 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ കോഹ്‌ലി 51 റണ്‍സെടുത്തു. ടോസ് നേടിയ ന്യൂസിലന്റ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഏകദിനം കളിക്കുന്ന പൃഥ്വി ഷാ(20), മായങ്ക് അഗര്‍വാള്‍ (32) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ മികച്ച ബാറ്റിങോടെ ഇന്ത്യന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

Tags:    

Similar News