ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റുമായി കഗിസോ റബാദെ
ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 378 റണ്‍സിന് പുറത്തായിരുന്നു.
കറാച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദെ. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് റബാദെയുടെ ഈ നേട്ടം. പാകിസ്താന്റെ ഹസ്സന്‍ അലിയുടെ വിക്കറ്റ് നേടികൊണ്ടാണ് റബാദെ പുതിയ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഡെയ്ല്‍ സ്റ്റെയിന്‍(39), അലന്‍ ഡൊണാള്‍ഡ് (42) എന്നിവരാണ് ലോക ക്രിക്കറ്റില്‍ ഈ നേട്ടം കരസ്ഥമാക്കിയ മറ്റ് താരങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ നാലമത്തെ താരവുമാണ് 25 കാരനായ റബാദെ. പാകിസ്താന്റെ വഖാര്‍ യൂനിസ്, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 29 റണ്‍സിന്റെ ലീഡെടുണ്ട്.ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 378 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 220 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്താനായി ഫവാദ് ആലം 109 റണ്‍സ് നേടിയിരുന്നു. കേശവ് മഹാരാജ് (2), ഡീ കോക്ക് (0) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലുള്ളവര്‍. എയ്ഡന്‍ മാര്‍ക്രം (74), എല്‍ഗര്‍ (29), വാന്‍ ഡെര്‍ ഡസ്സന്‍ (64), ഫഫ് ഡു പ്ലിസ്സിസ്സ്(10) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നഷ്ടമായത്.