രചിന്‍ രവീന്ദ്രയുടെ പരിക്ക്; പിസിബിക്കെതിരേ ഐസിസി; ചാംപ്യന്‍സ് ട്രോഫി വേദി മാറ്റിയേക്കും

Update: 2025-02-09 06:12 GMT

ലാഹോര്‍: പാകിസ്താനെതിരായ ഏകദിന മല്‍സരത്തിനിടെ ന്യൂസീലന്‍ഡ് താരം രചിന്‍ രവീന്ദ്രയ്ക്ക് ഫീല്‍ഡിങ്ങിനിടെ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധവുമായി ഐസിസി രംഗത്ത്.ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഒരുക്കിയ മോശം വെളിച്ചമാണ് താരത്തിന് പരിക്കേറ്റതിന് പിന്നിലെന്ന്് ഐസിസി ആരോപിച്ചു. ഈ മാസം ആരംഭിക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വളരെ മോശമാണെന്നും ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐസിസി വ്യക്തമാക്കി. അല്ലാത്ത പക്ഷം ചാംപ്യന്‍സ് ട്രോഫി പാകിസ്താനില്‍ നിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി.

പാകിസ്താനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് നേരേ രചിന്റെ നെറ്റിയിലിടിക്കുകയായിരുന്നു. നെറ്റിയില്‍ നിന്ന് ചോര വാര്‍ന്നതോടെ താരം കളം വിടുകയും ചെയ്തു. പാകിസ്താന്‍ ബാറ്റിങ്ങിനിടെ 38-ാം ഓവറിലായിരുന്നു സംഭവം. പാക് താരം ഖുഷ്ദില്‍ ഷാ സ്വീപ് ചെയ്ത പന്ത് നേരേ വന്നത് രചിന്റെ നേര്‍ക്കായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ വെളിച്ചത്തില്‍ പന്ത് കൃത്യമായി ജഡ്ജ് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. ഇതോടെയായിരുന്നു അപകടം. ഉടന്‍ തന്നെ മെഡിക്കല്‍ സംഘമെത്തി താരത്തെ ഗ്രൗണ്ടില്‍ നിന്നും മാറ്റുകയായിരുന്നു.

ഫെബ്രുവരി 19-ന് ചാംപ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കേ പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ സ്ഥിതി വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയാണ്. ഐസിസി നിഷ്‌കര്‍ഷിച്ച സമയപരിധി കഴിഞ്ഞിട്ടും കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിച്ച് ഐസിസിക്ക് കൈമാറാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നില്ല. പാകിസ്താനില്‍ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച ഐസിസി ടീമിന്റെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയിരുന്നു.

പിന്നാലെ ഇപ്പോള്‍ രചിന്‍ രവീന്ദ്രയ്ക്ക് പരിക്കേല്‍ക്കു കൂടി ചെയ്തതോടെ ക്രിക്കറ്റ് ബോര്‍ഡിനെതിരേ പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്. സ്റ്റേഡിയത്തിലെ മോശം വെളിച്ചമാണ് താരത്തിന് അപകടം സംഭവിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. മത്സരം നടന്ന ഗദ്ദാഫി സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റിന്റെ നിലവാരത്തെ കുറിച്ച് ഇതിനോടകം തന്നെ ആശങ്കകള്‍ ഉയര്‍ന്നുകഴിഞ്ഞു.

സ്റ്റേഡിയത്തിലെ മോശം ലൈറ്റുകള്‍ക്കു കീഴില്‍ പന്തിന്റെ ഗതി നിര്‍ണയിക്കാന്‍ രചിന് സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. പിന്നാലെ ഇവിടത്തെ ഫ്ളഡ്ലൈറ്റുകളുടെ ഗുണനിലവാരം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. നിരവധിയാളുകളാണ് കളിക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കുന്നത്.ഇത്തരമൊരു മൈതാനത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ ഐസിസി എങ്ങനെയാണ് അനുവദിച്ചതെന്നും പലരും ചോദിക്കുന്നു.മത്സരത്തില്‍ ന്യൂസീലന്‍ഡ് 78 റണ്‍സിന്റെ ജയം സ്വന്തമാക്കി.




Tags:    

Similar News