ചാംപ്യന്‍സ് ട്രോഫി; കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍; രചിനും വില്യംസണും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

Update: 2025-03-05 14:24 GMT
ചാംപ്യന്‍സ് ട്രോഫി; കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍; രചിനും വില്യംസണും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 363 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസീലന്‍ഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തു. യുവതാരം രചിന്‍ രവീന്ദ്രയുടെയും സീനിയര്‍ താരം കെയ്ന്‍ വില്യംസന്റെയും സെഞ്ചുറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ഇന്നിങ്സുകളുമാണ് കിവീസിന് കരുത്തായത്. മറുപടി ബാറ്റിങില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്.റെക്കല്‍ട്ടണ്‍ന്റെ (17) വിക്കറ്റാണ് ദക്ഷിണാഫ്രിക്ക നഷ്ടമായത്. ബാവുമ(37*), വാന്‍ ഡെര്‍ ദുസന്‍ (29) എന്നിവരാണ് ക്രീസില്‍.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റേത് മികച്ച തുടക്കമായിരുന്നു. വില്‍ യങ് - രചിന്‍ രവീന്ദ്ര ഓപ്പണിങ് സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യങ്ങിനെ മടക്കി ലുങ്കി എന്‍ഗിഡിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍, രചിനൊപ്പം രണ്ടാം വിക്കറ്റില്‍ വില്യംസണ്‍ എത്തിയതോടെ കിവീസിന്റെ ബാറ്റിങ് വിരുന്നായിരുന്നു. രചിന്‍ യഥേഷ്ടം റണ്‍സടിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ വില്യംസണ്‍ നിലയുറപ്പിച്ചതോടെ ഗിയര്‍ മാറ്റി. ഇരുവരും ചേര്‍ന്നെടുത്ത 164 റണ്‍സാണ് കിവീസ് ഇന്നിങ്സിന്റെ നട്ടെല്ല്. അഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച രചിന്‍ 101 പന്തില്‍നിന്ന് ഒരു സിക്സും 13 ഫോറുമടക്കം 108 റണ്‍സെടുത്തു. 34-ാം ഓവറില്‍ രചിനെ പുറത്താക്കി കാഗിസോ റബാദയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

15-ാം സെഞ്ചുറി കുറിച്ച വില്യംസണ്‍ 94 പന്തില്‍ നിന്ന് 102 റണ്‍സെടുത്തു. രണ്ടു സിക്സും 10 ഫോറുമടങ്ങുന്നതായിരുന്നു വില്യംസന്റെ ഇന്നിങ്സ്. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ ടോം ലാഥവും (4) മടങ്ങി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ കിവീസിന്റെ റണ്‍റേറ്റ് ഇടയ്ക്ക് താഴ്ന്നു. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ - ഗ്ലെന്‍ ഫിലിപ്സ് സഖ്യം കിവീസ് ഇന്നിങ്സിനെ വീണ്ടും ടോപ് ഗിയറിലാക്കി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് സ്‌കോര്‍ 300 കടത്തിയത്. പിന്നാലെ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്ണകലെ മിച്ചല്‍ മടങ്ങി. 37 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 49 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്സാണ് കിവീസ് സ്‌കോര്‍ 362-ല്‍ എത്തിച്ചത്. 27 പന്തുകള്‍ നേരിട്ട ഫിലിപ്സ് ഒരു സിക്സും ആറ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. മൈക്കല്‍ ബ്രേസ്വെല്‍ 16 റണ്‍സെടുത്തു.ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും റബാദ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.





Tags:    

Similar News