ചാംപ്യന്‍സ് ട്രോഫി കിരീടം സമ്മാനിക്കുന്ന വേദിയില്‍ ഒരു പാകിസ്താന്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല; വന്‍ വിവാദം

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ട വേദിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ അധികാരികളില്‍ ഒരാള്‍ പോലും ഇല്ലാഞ്ഞത് പുതിയ വിവാദത്തിനു വഴി തുറന്നു. ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി വേദി അനുവദിച്ചു കിട്ടിയത് പാകിസ്താനായിരുന്നു. 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐസിസി പോരാട്ടത്തിനു പാകിസ്താന്‍ വേദിയായത്.
എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാത്തതിനാലും ഇന്ത്യ ഫൈനലിലെത്തിയതിനാലും മത്സരം ദുബായിലാണ് അരങ്ങേറിയത്. ഇതോടെയാണ് പാക് അധികൃതരുടെ അസാന്നിധ്യം ചര്‍ച്ചയായത്. ആതിഥേയരെന്ന നിലയില്‍ പിസിബിയിലെ ഔദ്യോഗിക പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കണമെന്നു നിര്‍ബന്ധമുണ്ട്.

പിസിബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസല്‍ സുമൈര്‍ അഹമദ് ഫൈനല്‍ ദിവസം ദുബായില്‍ വന്നിരുന്നുവെന്നും എന്നാല്‍ കിരീടം സമ്മാനിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തിനു ക്ഷണമുണ്ടായിരുന്നില്ല എന്നും പാക് അധികൃതരോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് റോഡര്‍ ബിന്നി, ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവരാണ് താരങ്ങള്‍ക്ക് മെഡലുകളും ജാക്കറ്റുമൊക്കെ സമ്മാനിച്ചത്. ആശയക്കുഴപ്പമാണ് പാക് പ്രതിനിധി വേദിയിലെത്താത്തിനു കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്.
മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍ തന്നെ പാകിസ്താന്‍ അധികൃതരുടെ അസാന്നിധ്യം ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തുന്നതല്ല ആ സമയം ശ്രദ്ധിച്ചത്. കിരീടം സമ്മാനിക്കുന്ന വേദിയില്‍ ആതിഥേയ രാജ്യമായ പാകിസ്താന്റെ ഒരു പ്രതിനിധി പോലും ഇല്ലായിരുന്നു എന്നതാണ് തന്റെ ശ്രദ്ധയില്‍ വന്നത് എന്നാണ് അക്തര്‍ പ്രതകരിച്ചത്. എന്താണ് അതിനു കാരണമെന്നു തനിക്കറിയില്ലെന്നും താരം എക്സില്‍ കുറിച്ചു. കിരീടം സമ്മാനിക്കുന്ന വേദിയാണ്. ഒരു ലോക വേദി. അവിടെ പാക് അധികൃതര്‍ നിര്‍ബന്ധമായും വേണമായിരുന്നു. ഇല്ലാത്തതില്‍ വിഷമം തോന്നുന്നുവെന്നും അക്തര്‍.