
ദുബായ്: ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്. ദുബായില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്റിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ നേട്ടം. ചാംപ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയമാണിത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി രോഹിത്ത് ശര്‍മ്മ നേടി. സ്‌കോര്‍- ന്യൂസിലന്റ്: 251-7. ഇന്ത്യ: 254-6.
ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരില്‍ പഴികേട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഫൈനലില്‍ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. തുടക്കം മുതല്‍ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകള്‍ നേരിട്ട് 76 റണ്‍സ് നേടി. 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരും വിജയത്തില്‍ നിര്‍ണായകമായി. 49-ാം ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് കൈപ്പിടിച്ചത്. മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 83 പന്തുകളില്‍നിന്നാണ് രോഹിത്തിന്റെ 76 റണ്‍സ്. ടൂര്‍ണമെന്റിലെ രോഹിത്തിന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഒടുവില്‍ അനാവശ്യമായി ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പുറത്തായി. രചിന്‍ രവീന്ദ്രയുടെ ഓവറില്‍ ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ കൈയിലെത്തി. ലാഥം സമയം പാഴാക്കാതെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
ഒരറ്റത്ത് രോഹിത് ശര്‍മ തകര്‍പ്പനടികളുമായി മുന്നോട്ടുപോകവേ മറുവശത്ത് ആങ്കറിങ് റോളിലായിരുന്ന ശുഭ്മാന്‍ ഗില്‍ 19-ാം ഓവറിലാണ് വിക്കറ്റ് കളഞ്ഞത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് തകര്‍പ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. 50 പന്തു നേരിട്ട ഗില്‍ ഒരു സിക്സ് സഹിതം 31 റണ്‍സ് നേടി.വണ്‍ഡൗണായെത്തിയ വിരാട് കോഹ് ലിക്ക് രണ്ട് പന്തുകള്‍ മാത്രമേ നേരിടാനായുള്ളൂ. സാന്റ്നറുടെ പന്തില്‍ സിംഗിളെടുത്ത കോഹ് ലി, തൊട്ടടുത്ത മിക്കായേല്‍ ബ്രേസ്വെലിന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. രോഹിത്തുമായി കൂടിയാലോചിച്ചശേഷം റിവ്യൂ നല്‍കിയെങ്കിലും ബാറ്റില്‍ എഡ്ജ് കണ്ടെത്താനായില്ല. തുടര്‍ന്ന് ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച ശ്രേയസ് അയ്യര്‍ 62 പന്തില്‍നിന്ന് 48 റണ്‍സ് നേടി പുറത്തായി. അര്‍ധ സെഞ്ചുറിയിലേക്ക് രണ്ട് റണ്‍സ് മാത്രം അകലം നില്‍ക്കേ, രവീന്ദ്ര ജഡയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഇതിനിടെ ഒരുതവണ ശ്രേയസ് ക്യാച്ചില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ബ്രേസ്വെലിന്റെ പന്തില്‍ ഒറുര്‍ക്കിന് ക്യാച്ച് നല്‍കി അക്ഷര്‍ പട്ടേലും (40 പന്തില്‍ 29) മടങ്ങി. പിന്നാലെ ടീമിനെ വിജയതീരത്തെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യയും (18) ജെമീസന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായി പുറത്തായി. പിന്നീട് കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ക്രീസിലൊരുമിച്ച് വിജയറണ്‍സ് കുറിക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിരുന്നു. മിച്ചല്‍ ബ്രെയ്‌സ്വെല്ലിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് കിവി സ്‌കോര്‍ 250 കടത്തിയത്. താരം 40 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു.കടുത്ത പ്രതിരോധം തീര്‍ത്ത് ബാറ്റ് വീശിയ ഡാരില്‍ മിച്ചലാണ് പൊരുതിയ മറ്റൊരു കിവി ബാറ്റര്‍ താരവും അര്‍ധ സെഞ്ച്വറി കണ്ടെത്തി. 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് മടങ്ങിയത്. താരം 3 ഫോറുകള്‍ മാത്രമാണ് അടിച്ചത്. മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.
മിന്നും തുടക്കമിട്ട ന്യൂസിലന്‍ഡിനെ ഇന്ത്യ സ്പിന്നില്‍ കരുക്കി. അതിവേഗം തുടങ്ങിയ കിവികളുടെ ചിറകു തളര്‍ത്തി സ്പിന്നര്‍മാര്‍ അരങ്ങ് വാണതോടെ കളി ഇന്ത്യന്‍ വരുതിയില്‍ നിന്നു. ന്യൂസിലന്‍ഡിനു നഷ്ടമായ 7ല്‍ 5 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പോക്കറ്റിലാക്കി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്കാണ് മറ്റൊരു വിക്കറ്റ്. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ റണ്ണൗട്ടായും മടങ്ങി.
ടോസ് നേടി ബാറ്റിങെടുത്ത കിവികള്‍ മിന്നും തുടക്കമാണിട്ടത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിര്‍ണായക വിക്കറ്റ് നേട്ടം. തൊട്ടുപിന്നാലെ പന്തെടുത്ത കുല്‍ദീപിന്റെ അടുത്ത ഞെട്ടിക്കല്‍. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്ല്യംസനേയും പുറത്താക്കി കുല്‍ദീപ് കിവികളെ വീണ്ടും ഞെട്ടിച്ചു.
രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. വില്‍ യങിനെ താരം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. യങ് 15 റണ്‍സില്‍ പുറത്തായി.കിടിലന്‍ ബാറ്റിങുമായി കളം വാഴുമെന്നു തോന്നിച്ച രചിന്‍ രവീന്ദ്രയുടെ മടക്കം. നിര്‍ണായക ബൗളിങ് മാറ്റവുമായി എത്തിച്ച കുല്‍ദീപ് യാദവ് തന്റെ ആദ്യ പന്തില്‍ തന്നെ മികച്ച സ്‌കോറിലേക്ക് കുതിച്ച രചിന്‍ രവീന്ദ്രയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. രചിന്‍ 29 പന്തില്‍ 37 റണ്‍സെടുത്തു. താരം 4 ഫോറും ഒരു സിക്‌സും തൂക്കി.