ഋഷഭ് പന്ത് വീണ്ടും ഫ്‌ളോപ്പ്; 27 കോടിക്കെത്തിയ താരം ഇതുവരെ നേടിയത് 19 റണ്‍സ് മാത്രം

ലക്‌നൗ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും നിരാശപ്പെടുത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നേരിട്ട ആറാം പന്തിലാണ് താരം മടങ്ങിയത്. വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 15 റണ്‍സാണ് പന്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റണ്‍സെടുക്കാതെ പുറത്തായ പന്ത് പഞ്ചാബ് കിംഗ്‌സിനെതിരെ രണ്ട് റണ്ണിനും മടങ്ങി. 27 കോടിക്ക് ലക്‌നൗവിലെത്തിയ പന്തിന് ഇതുവരെ നേടാനായത് 19 റണ്‍സ് മാത്രം.
ഇന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മിഡ് ഓഫില്‍ കോര്‍ബിന്‍ ബോഷിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. അതേസമയം മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലക്‌നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങില്‍ മുംബൈ ഇന്ത്യന്‍സ് 7.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്.