കോഹ്‌ലിക്കും പന്തിനും അര്‍ധ സെഞ്ചുറി; പരമ്പര തൂത്തുവാരി ഇന്ത്യ

147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് വിജയം എത്തിപ്പിടിച്ചത്.

Update: 2019-08-06 19:21 GMT

ഗയാന: വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര 3-0ത്തിന് തൂത്തുവാരി ഇന്ത്യ.ഗയാനയില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് വിജയം എത്തിപ്പിടിച്ചത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. കോഹ്‌ലി 45 പന്തില്‍ നിന്നാണ് 59 റണ്‍സ് നേടിയത്. ഋഷഭ് പന്ത് നാല് സിക്‌സറുകളുടെ അകമ്പടിയോടെ 42 പന്തില്‍ നിന്നാണ് 65 റണ്‍സ് നേടിയത്.

ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ ഇന്നിറങ്ങിയത്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പന്തും കോഹ്‌ലിയും നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യയുടെ വരുതിയിലാവുകയായിരുന്നു. കെ എല്‍ രാഹുല്‍ 20 റണ്‍സെടുത്തും ധവാന്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. കരീബിയന്‍സിനായി ഓഷാനെ തോമസ് രണ്ടും ഫാബിയന്‍ അലന്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു.20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 147 റണ്‍സെടുക്കുകയായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെ (58) ഇന്നിങ്‌സ് മികവിലാണ് കരീബിയന്‍സ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മൂന്ന് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് വെസ്റ്റ്ഇന്‍ഡീസിനെ പിടിച്ചുകെട്ടിയത്. ട്വന്റിയില്‍ ഒരു ഇന്ത്യന്‍ താരം വിന്‍ഡീസിനെതിരേ നേടുന്ന എക്കാലത്തെയും മികച്ച പ്രകടനമാണ് ചാഹറിന്റെ പേരിലായത്. മൂന്ന് ഓവറില്‍ നാല് റണ്‍സ് വിട്ടുകൊടുത്താണ് ചാഹറിന്റെ മൂന്ന് വിക്കറ്റ് നേട്ടം. ലെവിസ്(10), നരേയ്ന്‍(2), ഹെ്റ്റ്‌മെയര്‍(1) എന്നിവരുടെ വിക്കറ്റുകളാണ് ദീപക് തുടക്കത്തില്‍ നേടിയത്. അരങ്ങേറ്റ മല്‍സരം കളിച്ച രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റ് നേടി. നവദീപ് സെയ്‌നി രണ്ട് വിക്കറ്റ് നേടി. 32 റണ്‍സ് നേടി റോവ് മാന്‍ പവല്‍ വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നു.

Tags:    

Similar News