മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണം; പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

ഷമിക്കും ടീം ഇന്ത്യയ്ക്കും പിന്തുണ നല്‍കുന്നുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

Update: 2021-10-25 17:54 GMT


ദുബയ്: ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനോട് വമ്പന്‍ പരാജയം ഏറ്റതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഹര്‍ഷാ ബോഗ്ലെ, ജ്വാല ഗുട്ട മുന്‍ ഇന്ത്യന്‍ താരങ്ങളായ യൂസുഫ് പഠാന്‍, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദ്ര സേവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഹര്‍ഭജന്‍ സിങ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വെങ്കിടേഷ് പ്രസാദ് എന്നിവരാണ് ഷമിക്ക് പിന്തുണയുമായി രംഗത്ത് വന്നത്.


വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അധിക്ഷേപിക്കരുതെന്നാണ് യൂസുഫ് പഠാന്‍ വ്യക്തമാക്കിയത്. ഷമി മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും ലക്ഷ്മണ്‍ ആവശ്യപ്പെട്ടു. ഷമി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.ഷമിക്കും ടീം ഇന്ത്യയ്ക്കും പിന്തുണ നല്‍കുന്നുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.


പാകിസ്ഥാനെതിരായ തോല്‍വിയെ തുടര്‍ന്ന് ഇന്ത്യന്‍ ടീം ഒന്നടങ്കം സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതില്‍ കൂടുതല്‍ ആക്രമണം ഷമിക്കെതിരേ ആയിരുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് താരത്തിനെതിരേ രംഗത്ത് വന്നത്. മുസ്‌ലിം ആയ ഷമിയുടെ മതത്തെ ടാര്‍ഗറ്റ് ചെയ്താണ് താരത്തിനെതിരേ സൈബര്‍ ആക്രമണം നടന്നത്. ഇന്ത്യന്‍ ടീമിലെ പാകിസ്ഥാനിയെന്നാണ് ഒരു സോഷ്യല്‍ മീഡിയ യൂസര്‍ ഷമിയെ വിളിച്ചത്. മുസ്‌ലിം ആയ ഷമി പാകിസ്ഥാന് വേണ്ടി കളിച്ചെന്നും എത്ര പണം കിട്ടിയെന്നുമാണ് മറ്റൊരാളുടെ ചോദ്യം. നിരവധി മലയാളി യൂസര്‍മാരും ഷമിക്കെതിരേ അസഭ്യവുമായി രംഗത്ത് വന്നിരുന്നു.




Tags:    

Similar News