ഹൈദരാബാദ്: രണ്ടാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 2024 സീസണ്‍ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ തോറ്റ് പുറത്തായിരിക്കുകയാണ്. കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ 36 റണ്‍സിന്റെ പരാജയമാണ് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. ചെന്നൈയില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറുകളില്‍ 175/9 എന്ന മികച്ച സ്‌കോര്‍ നേടിയപ്പോള്‍, രാജസ്ഥാന്റെ മറുപടി 139/7 ല്‍ അവസാനിച്ചു.
ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന് തോന്നിപ്പിച്ച കളിയിലാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. പാറ്റ് കമ്മിന്‍സിന്റെ ഗംഭീര ക്യാപ്റ്റന്‍സിയും ഒപ്പം ഹൈദരാബാദിന്റെ ടീം വര്‍ക്കും കളി രാജസ്ഥാനില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് ബോള്‍ ചെയ്ത രീതിയില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് തോല്‍വിക്ക് ശേഷം നായകന്‍ സഞ്ജു ആദ്യം പ്രതികരിച്ചത്. വിക്കറ്റുകള്‍ രണ്ടിന്നിങ്‌സിലും വ്യത്യസ്തമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജു, ഹൈദരാബാദിന്റെ ബോളര്‍മാരാണ് കളിയില്‍ വഴിത്തിരിവായതെന്നും പറഞ്ഞു. ഹൈദരാബാദ് സ്പിന്നര്‍മാരുടെ ഗംഭീര പ്രകടനമാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമെന്നാണ് സഞ്ജു സൂചിപ്പിച്ചത്.
അതേ സമയം സഞ്ജു പറഞ്ഞത് പോലെ ഹൈദരാബാദിന്റെ സ്പിന്നര്‍മാരായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. മധ്യ ഓവറുകളില്‍ ഷഹബാസ് അഹമ്മദും അഭിഷേക് ശര്‍മയും ചേര്‍ന്ന് വരിഞ്ഞുമുറുക്കിയതോടെ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ മത്സരം അടിയറവ് വെക്കുകയായിരുന്നു.
'ഇതൊരു വലിയ കളിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ പന്തെറിഞ്ഞ രീതിയില്‍ എനിക്ക് അഭിമാനമുണ്ട്. അവരുടെ സ്പിന്‍ ബോളിങ്ങിനെതിരെ മധ്യഓവറുകളില്‍ ഞങ്ങള്‍ക്ക് ഓപ്ഷനുകള്‍ കുറവായിരുന്നു. അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങി. പന്ത് ചെറുതായി ടേണ്‍ ചെയ്യാനും ആരംഭിച്ചു. അവര്‍ അത് നന്നായി മുതലാക്കി. അവര്‍ ഞങ്ങളുടെ വലം കൈയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെ മധ്യ ഓവറുകളില്‍ സ്പിന്‍ എറിഞ്ഞു.' സഞ്ജു പറഞ്ഞു.സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്നര്‍മാര്‍ക്ക് മുന്‍പില്‍ കളി മറക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍മാരെയായിരുന്നു ചെന്നൈയില്‍ കണ്ടത്. ഷഹബാസ് അഹമ്മദും, അഭിഷേക് ശര്‍മയുമായിരുന്നു സ്പിന്നിലൂടെ രാജസ്ഥാനെ തകര്‍ത്തത്. ഷഹബാസ് നാലോവറുകളില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, അഭിഷേക് ശര്‍മ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് ഹൈദരാബാദ് സ്പിന്നര്‍മാര്‍ പിഴുതത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജസ്ഥാന്‍ റോയല്‍സ് വളരെ മികച്ച ചില മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്ന് രണ്ടാം ക്വാളിഫയറിലെ പരാജയത്തിന് ശേഷം സംസാരിക്കവെ സഞ്ജു സാംസണ്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍ എന്നീ പ്രതിഭകളെ കണ്ടെത്താന്‍ രാജസ്ഥാന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജു, റോയല്‍സിന് മാത്രമല്ല ഇന്ത്യന്‍ ടീമിനും ഇവര്‍ വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പറയുന്നത്. ടീമിലെ സീനിയര്‍ പേസറായ സന്ദീപ് ശര്‍മയെ വാഴ്ത്താനും സഞ്ജു മറന്നില്ല.
സന്ദീപ് ശര്‍മയുടെ കാര്യത്തില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്ന് പറഞ്ഞ സഞ്ജു, ലേലത്തില്‍ തെരഞ്ഞെടുക്കപ്പെടാതെ പകരക്കാരനായി എത്തിയ അവന്‍ മികച്ച രീതിയില്‍ ബോള്‍ ചെയ്‌തെന്നും കൂട്ടിച്ചേര്‍ത്തു.