ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് സിറാജ്; ഇന്ത്യയ്ക്ക് ഉടന്‍ തിരിച്ചടി; 153 ന് പുറത്ത്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സില്‍ ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും തിരിച്ചടി. പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 153ന് പുറത്തായി. 34.5 ഓവറിലാണ് ഇന്ത്യ പുറത്തായത്. ദക്ഷിണാഫ്രിക്കയുടെ 55 റണ്‍സിന്റെ പുറത്താവലിന് ശേഷം ഇറങ്ങിയ ഇന്ത്യയ്ക്കായി രോഹിത്ത് 39 ഉം ഗില്‍ 36 ഉം കോഹ്‌ലി 46 ഉം റണ്‍സെടുത്തത് ഒഴിച്ചാല്‍ ഇന്ത്യയുടെ ഇന്നിങ്‌സ് തകര്‍ച്ചയായിരുന്നു. പിന്നീട് വന്ന ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍ ഒന്നും എടുക്കാതെ കൂടാരം കയറുകയായിരുന്നു. ആതിഥേയര്‍ക്കായി റബാദെ, എന്‍ഗിഡി, ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് നേടിയിരുന്നു. ബുംറക്കുശേഷം സിംഗിള്‍ സെഷനില്‍ ആറു വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാണ് സിറാജ്. ലോകക്രിക്കറ്റില്‍ ആറാമത്തെ താരവും. സിറാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണിത്. ഒന്‍പത് ഓവറുകള്‍ മാത്രമെറിഞ്ഞാണ് സിറാജിന്റെ ആറു വിക്കറ്റ് സമ്പാദ്യം. ജസ്പ്രീത് ബുംറയ്ക്കും മുകേഷ് കുമാറിനും രണ്ടുവീതം വിക്കറ്റുകള്‍. ഒമ്പത് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു സിറാജിന്റെ ആറുവിക്കറ്റ് നേട്ടം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 1932-നു ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്‌കോറിന് പുറത്താകുന്നതും ഇതാദ്യം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 6.3 ഓവറില്‍ 19 റണ്‍സെടുത്തിട്ടുണ്ട്.