ചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി നഷ്ടമായേക്കും
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്ക് മൈതാനങ്ങള്‍ സമയബന്ധിതമായി ഐസിസിക്ക് കൈമാറിയില്ലെങ്കില്‍ ആതിഥേയത്വം വഹിക്കാനുള്ള അവസരം പാകിസ്താന് നഷ്ടമായേക്കും. മല്‍സരങ്ങള്‍ തുടങ്ങാന്‍ ഒരുമാസം മാത്രം അവശേിഷിക്കെ പാകിസ്താനില്‍ ഒരുക്കങ്ങളിനിയും എങ്ങുമെത്തിയിട്ടില്ല. കറാച്ചി നാഷണല്‍ സ്റ്റേഡിയം, ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയം, റാവില്‍പ്പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരം നടക്കേണ്ടത്.
ഈ മൂന്ന് വേദികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച നവീകരണം ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഫെബ്രുവരി 12 നാണ് മൈതാനങ്ങള്‍ ഐസിസിക്ക് കൈമാറേണ്ട അവസാന തിയ്യതി. ഈ ആഴ്ച അവസാനത്തോടെ ഐസിസി സംഘം പുരോഗതി വിലയിരുത്താന്‍ പാകിസ്താനിലെത്തുമെന്നാണ് വിവരം. അറ്റകുറ്റപണിക്ക് പകരം മൂന്ന് മൈതാനങ്ങളിലും പൂര്‍ണമായ നിര്‍മാണമാണ് നടന്നുവരുന്നത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും കറാച്ചി സ്റ്റേഡിയത്തിലുമാണ് കാര്യമായ അറ്റകുറ്റപണികള്‍ ബാക്കിയുള്ളത്. ഡ്രസിങ് റൂം, ഹോസ്പ്പിറ്റാലിറ്റി ബോക്‌സ് എന്നിവയുടെ നവീകരണം പാതിവഴി പിന്നിട്ടതേയുള്ളൂ. സെമി ഫൈനല്‍ അടക്കം പ്രധാന മത്സരങ്ങള്‍ നടക്കേണ്ടത് ഗദ്ദാഫി സ്റ്റേഡിയത്തിലാണ്. ഇവിടെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. കാലാവസ്ഥ ജോലികളെ കാര്യമായി ബാധിക്കുന്നുമുണ്ട്. പറഞ്ഞ സമയത്ത് പാക് ക്രിക്കറ്റ് ബോര്‍ഡിന് മൈതാനങ്ങള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും യുഎഇയിലേക്ക് മാറ്റുന്നതിനെ പറ്റി ചര്‍ച്ച നടക്കുമെന്നാണ് വിവരം. അടുത്താഴ്ച ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കും.