മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി ബിസിസിഐ. ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയ ടീം പ്രഖ്യാപനം നാളത്തേക്കാണ് മാറ്റിയത്. ടീം പ്രഖ്യാപനം മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. അതിനിടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് രോഹിത് വിട്ടു നില്‍ക്കുമെന്നും കെ എല്‍ രാഹുല്‍ ഏകദിനങ്ങളിലും സൂര്യകുമാര്‍ യാദവ് ട്വന്റി-20യിലും ഇന്ത്യയെ നടിക്കുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 3 ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത് എന്നതിനാല്‍ ടി20യില്‍ നിന്ന് വിരമിച്ച രോഹിത് ഏകദിന പരമ്പരയില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.
അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഉള്‍പ്പെടെ ആറ് ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
രോഹിത് ക്യാപ്റ്റനായാലും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പക്കുള്ള ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ സഞ്ജു സാംസണോ ഏകദിന ടീമിലെത്തുമെന്നാണ് കരുതുന്നത്.വിരാട് കോഹ് ലി സെപ്റ്റംബറില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മാത്രമെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം ചേരൂ എന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്കും ഏകദിന, ട്വന്റി-20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.