ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ മൂലമാണ് സസ്പെന്‍ഷന്‍. 2023 ക്രിക്കറ്റ് ലോകകപ്പിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് മാനേജ്മെന്റ് അംഗങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണിതുണ്ടായത്. ലോകകപ്പിലെ ഒന്‍പതില്‍ ഏഴ് മത്സരങ്ങളിലും ശ്രീലങ്ക തോറ്റിരുന്നു. ഇന്ന് കൂടിയ ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങിന് പിന്നാലെയാണ് തീരുമാനം. നിയമം ലംഘിക്കുന്ന സമീപനമാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലുണ്ടായതെന്ന് സമിതി കണ്ടെത്തി. ഇതോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയ്ക്ക് കളിക്കാനാവില്ല.
ക്രിക്കറ്റ് മാനേജ്മെന്റ് അംഗങ്ങളെ പുറത്താക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ റണസിംഗെയ്ക്കെതിരേ നേരത്തേതന്നെ വ്യാപകമായ രീതിയില്‍ അഴിമതി ആരോപണം നിലനില്‍ക്കുന്നുണ്ട്. റോഷനാണ് ശ്രീലങ്കന്‍ ബോര്‍ഡ് അംഗങ്ങളെ പുറത്താക്കി പകരം താത്കാലിക തലവനായി മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയെ നിയമിച്ചത്. മുന്‍പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച താരമാണ് രണതുംഗ. അന്ന് താരത്തിനെതിരേ അഴിമതി ആരോപണമുണ്ടായിരുന്നു.