ട്വന്റി-20 ലോകകപ്പ്; വെസ്റ്റ്ഇന്‍ഡീസ് പുറത്ത്; തുടര്‍ച്ചയായ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക സെമിയില്‍

Update: 2024-06-24 08:45 GMT

ആന്റിഗ്വ: -ട്വന്റി-20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റ്ഇന്‍ഡീസ് പുറത്ത്. സൂപ്പര്‍ 8 റൗണ്ടില്‍ മൂന്നാം വിജയവുമായി ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണു ദക്ഷിണാഫ്രിക്ക സെമി ഉറപ്പാക്കിയത്. രണ്ടാമന്‍മാരായി ഇംഗ്ലണ്ടും സെമി ഫൈനലിലെത്തി. വെസ്റ്റിന്‍ഡീസിനെ മൂന്നു വിക്കറ്റുകള്‍ക്കാണ് ദക്ഷിണാഫ്രിക്ക തോല്‍പിച്ചത്. മഴ കാരണം മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 123 റണ്‍സാക്കി വെട്ടിച്ചുരുക്കിയിരുന്നു. അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക വിജയ റണ്‍സ് കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 16.1 ഓവറില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയറണ്‍സ് കുറിച്ചു. മൂന്നു വിക്കറ്റു വീഴ്ത്തിയ സ്പിന്നര്‍ ടബരെയ്‌സ് ഷംസിയാണ് കളിയിലെ താരം. വിന്‍ഡീസിനായി റോസ്റ്റന്‍ ചേസ് അര്‍ധ സെഞ്ചറി നേടി. 42 പന്തില്‍ 52 റണ്‍സാണു താരം നേടിയത്.

കൈല്‍ മെയര്‍സും (34 പന്തില്‍ 35) കളിയില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് (27 പന്തില്‍ 29), ഹെന്റിച് ക്ലാസന്‍ (10 പന്തില്‍ 22), മാര്‍കോ ജാന്‍സന്‍ (14 പന്തില്‍ 21) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്‌കോറര്‍മാര്‍. രണ്ടാം ഗ്രൂപ്പില്‍നിന്ന് യുഎസ് നേരത്തേ തന്നെ പുറത്തായിരുന്നു. ഇന്നു മികച്ച മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍ വിന്‍ഡീസിനു സെമിയിലെത്താന്‍ സാധിക്കുമായിരുന്നു.


Tags:    

Similar News