കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടി വിരാട് കോഹ്‌ലി. ജന്മദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന ലോക റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ്. ഒരു സെഞ്ച്വറിയകലെ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് കോഹ്‌ലിക്ക് സ്വന്തം പേരിലാക്കാം. 49 ഏകദിന സെഞ്ച്വറിയിലേക്കെത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് 452 ഇന്നിങ്സാണ് വേണ്ടിവന്നത്. എന്നാല്‍ വെറും 277 ഇന്നിങ്സില്‍ നിന്നാണ് കോഹ്‌ലി ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. തന്റെ ആദ്യ ഏകദിന സെഞ്ച്വറിയും കൊല്‍ക്കത്തയിലായിരുന്നു കോഹ് ലി നേടിയത്.ജന്മദിനത്തില്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായി മാറാനും കോഹ്‌ലിക്കായി. 1993ല്‍ വിനോദ് കാംബ്ലി, 1998ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 2008ല്‍ സനത് ജയസൂര്യ, 2011ല്‍ റോസ് ടെയ്ലര്‍, 2022ല്‍ ടോം ലാദം, 2023ല്‍ മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ഏറ്റവും നിര്‍ണ്ണായക സമയത്താണ് വിരാട് കോഹ്‌ലി സെഞ്ച്വറിയോടെ ഇന്ത്യയുടെ നട്ടെല്ലായി മാറിയത്. ഇത്തവണത്തെ ലോകകപ്പില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായും കോഹ്‌ലി മാറി.
നാട്ടില്‍ 6000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി മാറാനും താരത്തിനായി. 6976 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. 5521 റണ്‍സുമായി റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്താണ്. കൂടാതെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 3000 റണ്‍സ് പൂര്‍ത്തിയാക്കാനും കോഹ്‌ലിക്കാായിരിക്കുകയാണ്. കൂടുതല്‍ ടീമുകള്‍ക്കെതിരേ 3000ലധികം റണ്‍സ് നേടുന്നവരില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. അഞ്ച് ടീമുകള്‍ക്കെതിരേയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും കോഹ്‌ലിക്കായി. ഈ ലോകകപ്പില്‍ ഇത് ആറാം തവണയാണ് കോഹ്‌ലി 50ലധികം റണ്‍സ് നേടുന്നത്.
121 പന്ത് നേരിട്ട് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ 101 റണ്‍സോടെ കോഹ്‌ലി പുറത്താവാതെ നിന്നു. ശ്രേയസ് അയ്യര്‍ 77 റണ്‍സും രോഹിത് ശര്‍മ 40 റണ്‍സും നേടിയപ്പോള്‍ രവീന്ദ്ര ജഡേജ 15 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു.