ചരിത്രത്തിലെ ഏറ്റവും വലിയ ജയവുമായി ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ
ഇന്ത്യയ്ക്ക് 317 റണ്‍സിന്റെ കൂറ്റന്‍ ജയം.
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 317 റണ്‍സിന്റെ കൂറ്റന്‍ ജയം. ഏകദിന ക്രിക്കറ്റിലെ ഒരു ടീമിന്റെ ഏറ്റവും വലിയ ജയമെന്ന റെക്കോഡാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ നേടിയത്. 391 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനായി ഇറങ്ങിയ ശ്രീലങ്കയെ 22 ഓവറില്‍ 73 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാക്കി. നാല് പ്രധാന വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് തിരുവനന്തപുരത്ത് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വീതം വിക്കറ്റ് നേടി. 19 റണ്‍സ് നേടിയ ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മൂന്ന് ജയങ്ങളോടെ ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് നേടിയത്. കോഹ്‌ലിയും (166), ശുഭ്മാന്‍ ഗില്ലും (116) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. ഏകദിന ക്രിക്കറ്റിലെ 46ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. കരിയറിലെ താരത്തിന്റെ 74ാം സെഞ്ചുറിയാണ്. 110 പന്തുകള്‍ നേരിട്ട കോഹ്ലി 166 റണ്‍സുമായി പുറത്താവാതെ നിന്നു. 85 പന്തിലാണ് താരം സെഞ്ചുറി നേടിയത്. ലങ്കയ്ക്കെതിരായ താരത്തിന്റെ 11ാം സെഞ്ചുറിയാണ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. ഈ റെക്കോഡിനൊപ്പമെത്താന്‍ കോഹ്ലിക്ക് മൂന്ന് സെഞ്ചുറികള്‍ മാത്രം മതി. രോഹിത്ത് ശര്‍മ്മ 42 ഉം ശ്രേയസ് അയ്യര്‍ 38ഉം റണ്‍സ് നേടി.