ചരിത്രം രചിച്ച് കോഹ്ലി; ഐസിസി പുരസ്‌കാരങ്ങള്‍ തൂത്തുവാരി
ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ച കോഹ്ലി തന്നെയാണ് മികച്ച ടെസ്റ്റ്, ഏകദിന താരവും.മൂന്നു പുരസ്‌കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്‌ലി.
ദുബയ്: 2018ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പുരസ്‌കാരങ്ങള്‍ തൂത്ത് വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ച കോഹ്ലി തന്നെയാണ് മികച്ച ടെസ്റ്റ്, ഏകദിന താരവും.മൂന്നു പുരസ്‌കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു.
ഒരു കലണ്ടര്‍ വര്‍ഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മുന്‍ താരങ്ങളും മാധ്യമപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന ഐസിസി വോട്ടിങ് അക്കാദമിയാണ് വോട്ട് വഴി ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അക്കാദമിയിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കോഹ്ലിയെ ആണ് നിര്‍ദേശിച്ചത്.
2018 കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇന്ത്യന്‍ നായകനാണ്. ടെസ്റ്റില്‍ 55.08 ശരാശരിയില്‍ 1322 റണ്‍സ് നേടിയ കോഹ്‌ലി, 5 സെഞ്ചുറികളും നേടി. ഏകദിനത്തില്‍ 133.5 ശരാശരിയില്‍ 1202 റണ്‍സ് നേടി. 6 സെഞ്ചുറികളും കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചു. 2017ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും, മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലിക്കു ലഭിച്ചിരുന്നു. 2012ല്‍ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും നേടി. എമര്‍ജിങ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം റിഷഭ് പന്ത് നേടി. ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ് മികച്ച ട്വന്റി 20 താരം. സ്പിരിറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ന്യുസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കി.
അതേസമയം, ഐസിസി ലോക ഇലവന്റെ ടെസ്റ്റ് ടീമില്‍ കോഹ്‌ലിയെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങളും ഏകദിന ടീമില്‍ മൂന്നു പേരും ഇടംപിടിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ ടെസ്റ്റ് ടീമിലും ഏകദിന ടീമിലും ഇടംനേടി. ടെസ്റ്റ് ടീമില്‍ ഋഷഭ് പന്താണ് മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ഏകദിന ടീമില്‍ ബുംറയ്ക്കും കോഹ്‌ലിക്കും പുറമെ രോഹിത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവര്‍ ഇടംനേടി.