ട്വന്റി-20 ക്രിക്കറ്റിനോട് വിട പറഞ്ഞ് വിരാട് കോഹ്‌ലി; 'ഇത് അവസാന മല്‍സരം'

ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ട്വന്റി-20 മത്സരമായിരുന്നു ഇത്.

Update: 2024-06-29 19:00 GMT

ബാര്‍ബഡോസ്: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ട്വന്റി-20 ലോക കിരീടം നേടിയ ശേഷമായിരുന്നു കോഹ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. 59 പന്തില്‍ 79 റണ്‍സ് നേടിയ കോഹ്‌ലിയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോഹ്‌ലിയാണ്. ഈ പുരസ്‌കാരം വാങ്ങിയാണ് ഇത് തന്റെ അവസാന മത്സരമാണെന്ന് കോഹ്‌ലി വ്യക്തമാക്കിയത്.

കോഹ്‌ലിയുടെ വാക്കുകള്‍... ''ഇത് എന്റെ അവസാന ട്വന്റി-20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ട്വന്റി-20 മത്സരമായിരുന്നു ഇത്. ഈ ലോകകപ്പില്‍ എനിക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇതെല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അപ്പോഴാണ് ഇത്തരത്തില്‍ ഒരു ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കുന്നത്. ദൈവം മഹാനാണ്. ഈ കിരീടം ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്തു. ഇനി അടുത്ത തലമുറയ്ക്ക് അവസരം നല്‍കണം. അവരാണ് ഇനി മുന്നോട്ട് കൊണ്ടുപോവേണ്ടത്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ വിജയിക്കാനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. രോഹിത് ശര്‍മയെ നോക്കൂ, അദ്ദേഹം ഒമ്പത് ട്വന്റി-20 ലോകകപ്പുകള്‍ കളിച്ചു. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. രോഹിത് അത് അര്‍ഹിക്കുന്നു. വികാരങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു മഹത്തായ ദിവസമാണ്, ഞാന്‍ കടപ്പെട്ടിരിക്കും.'' കോഹ്‌ലി മത്സരശേഷം പറഞ്ഞു.

124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്‌ലി 4112 റണ്‍സാണ് അടിച്ചെടുത്തത്. 48.38 ശരാശരിയും 58.68 സ്ട്രൈക്ക് റേറ്റും കോഹ്‌ലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോഹ്‌ലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോഹ്‌ലിയുടെ ട്വന്റി-20 അരങ്ങേറ്റം. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം കിരീടമായിരുന്നു ഇത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുന്നത്.




Tags:    

Similar News