ഓവല്‍: ഏഷ്യന്‍ ശക്തികളായ ബംഗ്ലാദേശിന് ലോകകപ്പില്‍ ആദ്യജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗ്ലാ കടുവകള്‍ ഈ ലോകകപ്പില്‍ വരവറിയിച്ചത്. ബംഗ്ലാദേശിന്റെ ലോകകപ്പിലെ റെക്കോഡ് സ്‌കോറായ 330 റണ്‍സ് പിന്‍തുടര്‍ന്ന ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചെങ്കിലും ബംഗ്ലാദേശ് ഓള്‍ റൗണ്ടിങ് പ്രകടനത്തിന് മുന്നില്‍ അവര്‍ മുട്ടുകുത്തുകയായിരുന്നു.
ഫഫ് ഡു പ്ലിസിസ് ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡികോക്ക് (23), എയ്ഡന്‍ മാര്‍ക്രം(45), ഡേവിഡ് മില്ലര്‍(38), റാസി വാന്‍ ഡേര്‍ ഡുസ്സന്‍(41), ജെ പി ഡുമിനി(45) എന്നിവരാണ് ആഫ്രിക്കയ്ക്കായി ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവച്ചത്. ജയിക്കാവുന്ന ലക്ഷ്യമായിരുന്നെങ്കിലും വാലറ്റം തകര്‍ന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ മൂന്നും മുഹമ്മദ് സെയ്ഫുദ്ദീന്‍ രണ്ടും മെഹ്ദി ഹസ്സന്‍, ഷാക്കിബുള്‍ ഹസ്സന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. ഷാക്കിബുള്‍ അല്‍ ഹസ്സനും(75), മുഷ്ഫിക്കര്‍ റഹീം(78) വെടിക്കെട്ട് ബാറ്റിങിന് നേതൃത്വം നല്‍കിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിര പ്രഹരമേറ്റ് തളര്‍ന്നിരുന്നു. ലുങ്കി നിഗിഡി, കഗിസോ റബാദ, ആന്‍ഡ്‌ലി ഫെഹ്‌ലുക്വേയു, എയ്ഡന്‍ മാര്‍ക്രം എന്നിവരടങ്ങുന്ന ബൗളിങ് നിര ബംഗ്ലാദേശിന് മുന്നില്‍ പത്തിമടക്കുകയായിരുന്നു. മികച്ച തുടക്കത്തോടെയായിരുന്നു ബംഗ്ലാദേശിന്റെ ഇന്നിങ്‌സ്. ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ സ്‌കോര്‍ 60ല്‍ എത്തിയിരുന്നു. തമീം ഇഖ്ബാലിന്റെ (16) വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് സ്‌കോര്‍ 75ല്‍ എത്തി നില്‍ക്കേ സൗമ്യസര്‍ക്കാരിന്റെ (42) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. തുടര്‍ന്ന് 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഷാഖിബുള്‍ ഹസ്സനും മുഷ്ഫിക്കര്‍ റഹീം കൂട്ടിച്ചേര്‍ത്തത്. മുഹമ്മദ് മിത്ത്ഹുന്‍(21), മഹ്മദുള്ള(46), മൊസദ്ദീക്ക് ഹൊസൈന്‍(26) എന്നിവരും ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പുറത്താവാതെ നിന്ന മഹ്മദുള്ളയാണ് സ്‌കോര്‍ 330ല്‍ എത്തിച്ചത്. ആന്‍ഡിലേ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം തോല്‍വിയാണിത്. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. മൂന്നാം മല്‍സരം ഇന്ത്യയ്‌ക്കെതിരേയാണ്.