യുക്രെയ്ന്‍ അധിനിവേശം; റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി ഫിഫ
റഷ്യയെന്ന പേരില്‍ മല്‍സരിക്കരുത്
സൂറിച്ച്: യുക്രെയ്‌നില്‍ യുദ്ധം നടത്തുന്ന റഷ്യയ്‌ക്കെതിരേ ഫുട്‌ബോള്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് റഷ്യയ്ക്ക് ഫിഫ ഉപരോധം ഏര്‍പ്പെടുത്തി.റഷ്യയില്‍ ഒരു അന്താരാഷ്ട്ര മല്‍സരങ്ങളും അനുവദിക്കില്ലെന്ന് ഫിഫ അറിയിച്ചു.നേരത്തെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ റഷ്യക്കൊപ്പം കളിക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ അറിയിച്ചിരുന്നു. റഷ്യയുമായി ഒരു മല്‍സരവും കളിക്കില്ലെന്ന് ഇംഗ്ലണ്ടും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫിഫയും മറ്റ് രാജ്യങ്ങള്‍ക്കൊപ്പം അണിചേര്‍ന്നത്.
അന്താരാഷ്ട്ര മല്‍സരങ്ങള്‍ റഷ്യയില്‍ അനുവദിക്കില്ല. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ ഹോം മല്‍സരങ്ങള്‍ നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റണം. ലോകകപ്പില്‍ റഷ്യ എന്ന പേരില്‍ കളിക്കാനാവില്ല. റഷ്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല.റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ എന്ന പേരില്‍ കളിക്കാം.
രാജ്യങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലും റഷ്യയെ ഫിഫ മാറ്റിനിര്‍ത്താത്തതിനെതിരേ പ്രതിഷേധം തുടരുന്നുണ്ട്.റഷ്യക്കെതിരേ ഫുട്‌ബോള്‍ ലോകത്ത് കടുത്ത പ്രതിഷേധം തുടരുന്നുണ്ട്. യൂറോപ്പിലെ വിവിധ ലീഗുകളിലെ മല്‍സരങ്ങള്‍ക്കിടെ ഗ്യാലറിയിലും ഗ്രൗണ്ടിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.
പോര്‍ച്ചുഗല്‍ ലീഗില്‍ യുക്രെയ്ന്‍ താരം റൊമാന്‍ യാരെംചുക് സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയപ്പോള്‍ ഗ്യാലറി മുഴുവന്‍ താരത്തെ കൈയടിച്ചാണ് സ്വീകരിച്ചത്. ബെന്‍ഫിക്കയുടെ വിറ്റോറിയക്കെതിരായ മല്‍സരത്തിലാണ് ആരാധകരെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. റൊമാന്‍ യാരെംചുക കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം യുദ്ധത്തിനെതിരായ ബാനറുകളുടമായി താരത്തെ വരവേറ്റു. ആരാധകരുടെ പിന്തുണ കണ്ട യാരെംചുക് കണ്ണീരണിഞ്ഞിരുന്നു.