ഉത്തേജക മരുന്ന് വിവാദം; റഷ്യയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

2015ലാണ് റഷ്യയെ പിടിച്ചുകുലിക്കിയ ഉത്തേജക മരുന്ന് വിവാദം നടന്നത്.

Update: 2020-12-18 04:03 GMT



മോസ്‌കോ: ഉത്തേജക മരുന്ന് വിവാദത്തെ തുടര്‍ന്ന് റഷ്യയ്ക്ക് ആഗോള കായിക രംഗത്ത് നിന്നും രണ്ട് വര്‍ഷത്തെ വിലക്ക്. ആഗോള ഉത്തേജക വിരുദ്ധ സമിതി (വാഡ)യാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെ വാഡ നാല് വര്‍ഷത്തേക്ക് റഷ്യയെ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം പാരിസില്‍ ചേര്‍ന്ന യോഗമാണ് വിലക്ക് രണ്ട് വര്‍ഷത്തേക്ക് ചുരുക്കിയത്. ഇതോടെ റഷ്യക്ക് ടോക്ക്യോ ഒളിപിക്‌സ്, പാരഒളിപിക്‌സ്, ഖത്തര്‍ ലോകകപ്പ് എന്നിവ നഷ്ടമാകും. ഈ രണ്ട് വര്‍ഷത്തിനിടയില്‍ നടക്കുന്ന ഒരു ചാംപ്യന്‍ഷിപ്പിലും റഷ്യക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഡിസംബര്‍ 2022 വരെയാകും വിലക്ക്. അതിനിടെ താരങ്ങള്‍ നിരപരാധികളാണെന്ന് തെളിയിച്ചാല്‍ വിലക്ക് നീക്കുന്നതിനെ കുറിച്ച് ലോക അത്‌ലറ്റിക്ക് മാനേജ്‌മെന്റ് 2021 മാര്‍ച്ചില്‍ തീരുമാനം എടുക്കും. ടോക്കിയോ ഒളിംപിക്‌സില്‍ 10 താരങ്ങളെ പങ്കെടുപ്പിക്കാമെന്ന് മാനേജ്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. യൂറോ കപ്പില്‍ റഷ്യയ്ക്ക് പങ്കെടുക്കാമെന്ന് നേരത്തെ അനുമതി ഉണ്ടായിരുന്നു. 2015ലാണ് റഷ്യയെ പിടിച്ചുകുലിക്കിയ ഉത്തേജക മരുന്ന് വിവാദം നടന്നത്. നിരവധി അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുകയും വ്യാജ സാംമ്പിള്‍ റിസള്‍ട്ട് നല്‍കി കായിക ലോകത്തെ വഞ്ചിക്കുകയുമായിരുന്നു. ഇതിന് റഷ്യന്‍ ഭരണസംവിധാനവും അനുവാദം നല്‍കിയെന്നായിരുന്നു ആരോപണം. ലോക അത്‌ലറ്റിക്ക് ഫെഡറേഷന് മോസ്‌കോ ലബോറട്ടറി വ്യാജ വിവരങ്ങള്‍ കൈമാറുകയായിരുന്നു.






Tags:    

Similar News