വിരാട് കോഹ്‌ലിക്ക് കൊവിഡ്; ഇംഗ്ലണ്ട് ടെസ്റ്റിന് കൊവിഡ് ഭീഷണി
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക് ശാരീരിക അസ്വാരസ്യങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കൊവിഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലുള്ള താരം നിലവില്‍ ഇംഗ്ലണ്ടിലാണ്. എന്നാല്‍ കൊവിഡില്‍ നിന്ന് മുക്തനായെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പ് താരം മാലി ദ്വീപിലായിരുന്നു. അവിടെ നിന്നാണ് താരം രോഗം ബാധിതനായത്. രോഗമുക്തി ആയതിന് ശേഷമാണ് ലണ്ടനിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരം രോഗബാധിതനായ വിവരം ഇന്നാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം രവിചന്ദ്ര അശ്വിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇംഗ്ലണ്ട് ടീമിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോച്ച് മാര്‍ക്കസ് ട്രസ്‌കോത്തിക്കിനും രോഗം കണ്ടെത്തി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക് ശാരീരിക അസ്വാരസ്യങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും ലണ്ടനിലെ ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. ഇരുവരും ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരേ ബിസിസിഐ അന്ന് രംഗത്ത് വന്നിരുന്നു. ഇംഗ്ലണ്ടിലും കൊവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ താരങ്ങള്‍ സാമൂഹ്യക അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതും ബിസിസിഐ ചൂണ്ടികാട്ടിയിരുന്നു. തിരക്കുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ബിസിസിഐ താരങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.