ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം; മിഥാലി പടിയിറങ്ങുമ്പോള്‍
1999ല്‍ ജൂണ്‍ 26ന് അയര്‍ലന്റിനെതിരെ ആയിരുന്നു അരങ്ങേറ്റം.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും പരിചിതമായ പേരാണ് മിഥാലി രാജ്. ഇന്ത്യയില്‍ മാത്രമല്ല വനിതാ ക്രിക്കറ്റിനെ പിന്‍തുടരുന്ന ആരാധകര്‍ക്ക് മുഴുവന്‍ ഈ പേര് അറിയാം. 23 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ റെക്കോഡുകള്‍ വാരികൂട്ടിയാണ് ഇന്ത്യയുടെ ഇതിഹാസ താരമായ മിഥാലി രാജ് അല്‍പ്പം മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് പച്ചപിടിക്കുമ്പോഴാണ് മിഥാലിയുടെ ക്രിക്കറ്റിലേക്കുള്ള വരവ്. 16ാം വയസ്സിലാണ് ഇന്ത്യന്‍ ടീമിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടത്.1999ല്‍ ജൂണ്‍ 26ന് അയര്‍ലന്റിനെതിരെ ആയിരുന്നു അരങ്ങേറ്റം.
ജോധ്പൂരില്‍ നിന്നും വന്ന മിഥാലി റൈറ്റ് ഹാന്റ് ബാറ്ററാണ്. ബൗളിങില്‍ വലിയ നേട്ടങ്ങളില്ലെങ്കിലും പ്രതിസന്ധികളില്‍ തിളങ്ങുന്ന ഒരു ബൗളര്‍ കൂടി ആയിരുന്നു മിഥാലി. മിഥാലിയിലൂടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് വളര്‍ന്നത്. വനിതാ താരങ്ങള്‍ ക്രിക്കറ്റിലേക്ക് ഒഴുകി വന്നത് മിഥാലിയുടെ പ്രകടനങ്ങള്‍ കണ്ടിട്ടാണ്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും ഈ 39കാരിയുടെ പേരിലാണ്. 333 മല്‍സരങ്ങളില്‍ നിന്നും 10,868 റണ്‍സ് നേടിയിട്ടുണ്ട്.
അര്‍ജ്ജുനാ അവാര്‍ഡ്, പത്മശ്രീ അവാര്‍ഡ്, മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌നാ എന്നീ പുരസ്‌കാരങ്ങളും താരം നേടിയിട്ടുണ്ട്. അരങ്ങേറ്റത്തില്‍ സെഞ്ചുറി. വനിതാ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ ബഹുമതികളും ഈ ഇതിഹാസ താരത്തിന്റെ പേരിലാണ്. ഇന്ത്യയെ രണ്ട് ലോകകപ്പ് ഫൈനലില്‍ നയിച്ചിട്ടുണ്ട് (2005, 2017) . ക്യാപ്റ്റന്‍ എന്ന പേരിലായിരുന്നു മിഥാലിയുടെ അധിക നേട്ടങ്ങളും.
ഏകദിനത്തില്‍ 232 മല്‍സരങ്ങളില്‍ നിന്നും ഏഴ് സെഞ്ചുറികള്‍ അടക്കം 7805 റണ്‍സ് നേടി. 12 ടെസ്റ്റുകള്‍ കളിച്ച മിഥാലിയാണ് ടെസ്റ്റിലെ ഇന്ത്യയുടെ ഏക ഡബിള്‍ സെഞ്ചൂറിയന്‍.ഇക്കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് അവസാനമായി കളിച്ചത്. 84 പന്തില്‍ നിന്നും താരം 68 റണ്‍സാണ് അവസാന മല്‍സരത്തില്‍ കളിച്ചത്. ഇതിഹാസ താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ലോക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ ആദരം അര്‍പ്പിച്ചു.