എന്താണ് ഡിജിറ്റല്‍ അറസ്റ്റ്
ഡിജിറ്റല്‍ യുഗം വന്നതോടെ തട്ടിപ്പുകാരും ഡിജിറ്റലായി. സാധാരണ തട്ടിപ്പുകള്‍ക്ക് പുറമെ അവര്‍ ഇപ്പോള്‍ അറസ്റ്റ് നടപടികളിലേക്കും കടന്നിരിക്കുകയാണ്
പലവിധ തട്ടിപ്പുകളുമായി ക്രിമിനലുകള്‍ അരങ്ങുതകര്‍ക്കുകയാണ്. ഡിജിറ്റല്‍ യുഗം വന്നതോടെ തട്ടിപ്പുകാരും ഡിജിറ്റലായി. സാധാരണ തട്ടിപ്പുകള്‍ക്ക് പുറമെ അവര്‍ ഇപ്പോള്‍ അറസ്റ്റ് നടപടികളിലേക്കും കടന്നിരിക്കുകയാണ്. അതാണ് ഇന്ന് കാണുന്ന ഡിജിറ്റല്‍ അറസ്റ്റ് പ്രതിഭാസം.
എന്താണ് ഡിജിറ്റല്‍ അറസ്റ്റ്
സിബിഐ, നാര്‍ക്കോട്ടിക്സ്, ആര്‍ബിഐ, ട്രായ്, കസ്റ്റംസ്, ടാക്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയോ പോലിസോ ആണെന്ന് അവകാശപ്പെടുന്ന വ്യാജന്‍മാരാണ് തട്ടിപ്പിന്റെ ആസൂത്രകര്‍. ഒരു ഡിജിറ്റല്‍ അറസ്റ്റില്‍ കുറ്റവാളികള്‍ തങ്ങള്‍ക്ക് പറ്റിയ ഒരു ഇരയെ ആദ്യം കണ്ടെത്തുന്നു. എന്നിട്ട് അവരെ മേല്‍പറഞ്ഞ രീതിയില്‍ സമീപിക്കുന്നു. പലപ്പോഴും തന്ത്രപൂര്‍വ്വം സംസാരിച്ച് ഒടുക്കം ഇരയെ ഭീഷണിപെടുത്തുന്ന തലത്തിലേക്ക് മാറുന്നു. പിന്നീട് കുറ്റവാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സ്‌കൈപ്പോ മറ്റ് ഏതെങ്കിലും വീഡിയോ കോണഫറന്‍സിംഗ് പ്ലാറ്റ്ഫോമുകളോ വഴി നിങ്ങളെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആരുമായും ഒന്നും പങ്ക് വെക്കരുതെന്നും പറയുന്നു. ഇതിന്റെ ഭാഗമായി കബളിക്കപ്പെട്ട വ്യക്തി താന്‍ എന്തിനും തയ്യാറാണെന്ന മാനസികാവസ്ഥയിലേക്ക് നീങ്ങുന്നു. എപ്പോഴും നിരീക്ഷണത്തിലകപ്പെട്ട പോലെയുള്ള അവസ്ഥയിലേക്ക് ഇര ചെന്നെത്തുന്നു.
മയക്കുമരുന്ന് അല്ലെങ്കില്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് നിയമവിരുദ്ധമോ നിരോധിതമോ ആയ സാധനങ്ങള്‍ അടങ്ങിയ ഒരു പാഴ്സല്‍ ഇര അയച്ചിട്ടുണ്ടെന്നോ അല്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവരുടെ ഫോണ്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നോ ആണ് തട്ടിപ്പുകാര്‍ സാധാരണയായി അവകാശപ്പെടുന്നത.് ചില സമയങ്ങളില്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ യഥാര്‍ത്ഥ പോലിസ് സ്റ്റേഷനുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകള്‍ ഉപയോഗിച്ച് ഇരയെ കബളിപ്പിക്കുന്നു. പലതരത്തിലുള്ള സാങ്കേതിക വിദ്യകളിലൂടെ തന്നെ ഇരയില്‍ നിന്നും പരമാവധി പണം ഇവര്‍ സ്വരൂപിക്കുന്നു. ആള്‍ മാറാട്ടത്തിന് ഡീപ്ഫേക്ക് വീഡിയോകളും വ്യാജ അറസ്റ്റ് വാറന്റുകളും അത്തരം രേഖകളും ഇവര്‍ ഉപയോഗിക്കുന്നു.
ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് കോള്‍ വരുന്നത് നിങ്ങളുടെ ബന്ധു മയക്കു മരുന്ന് കേസില്‍ അകപ്പെട്ടിട്ടുണ്ടെന്നും അല്ലെങ്കില്‍ നിങ്ങളുടെ കുട്ടി ഞങ്ങളുടെ കസ്റ്റഡിയിലാണെന്നും പറഞ്ഞ് ഒരു സിനിമാ സ്റ്റൈല്‍ ഭീഷണി ഒക്കെ ആയിരിക്കും. എന്നാല്‍ ഇര സന്ദേശം വിശ്വസിക്കുന്നതോടെ കുറ്റവാളികളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ജാമ്യതുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് ആസൂത്രകര്‍ ഇരയോട് പറയുന്നതോടെ ഇര ഡിജിറ്റല്‍ അറസ്റ്റില്‍ അകപ്പെടുന്നു. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് ഇവര്‍ പിന്നെ നിങ്ങളില്‍ നിന്നും ഈടാക്കുക
ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകള്‍ സാധാരണമാണോ?
ഫെബ്രുവരിയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന അജയ് കുമാര്‍ മിശ്ര രേഖാമൂലമുള്ള മറുപടിയില്‍, 2023ലെ സാമ്പത്തിക സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 11,28,265 പരാതികള്‍ ലഭിച്ചതായി ലോക്സഭയെ അറിയിച്ചു.നാഷണല്‍ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017ല്‍ 3,466, 2018ല്‍ 3,353, 2019 ല്‍ 6,229, 2020ല്‍ 10,395, 2021ല്‍ 14,007, 2022ല്‍ 17,470 എന്നിങ്ങനെയാണ് കേസുകളുടെ വളര്‍ച്ച '
2023 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടി രൂപയിലധികം ബാങ്ക് തട്ടിപ്പുകള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യന്‍ ബാങ്കുകള്‍ 65,017 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് മൊത്തം 4590 കോടി രൂപയുടെ നഷ്ടമാണ് സാമ്പത്തികമേഖലയില്‍ വരുത്തിയത്.
2024 മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഒരു പത്രക്കുറിപ്പ് പുറത്തിറക്കുകയുണ്ടായി. ഈ പത്രകുറിപ്പ് പ്രകാരം പോലിസ് അധികാരികള്‍ ഡിജിറ്റല്‍ അറസ്റ്റില്‍ ജനങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരയാകുന്നത് എങ്ങനെ തടയാം ?
ബോധവല്‍കരണമാണ് ഏക സംരക്ഷണം. നിങ്ങളോ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമോ പ്രശ്നത്തിലാണെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കണം. അതായത് സര്‍ക്കാരിന് ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ല എന്ന് നിങ്ങള്‍ ആദ്യം മനസിലാക്കുക. ഭയത്തിന്റെ ആവശ്യമില്ല. ജാഗ്രതയോടെ ഫോണ്‍കോളിനെ സമീപിക്കുകയും ഉടന്‍ തന്നെ പോലിസുമായി ബന്ധപ്പെടുകയും ചെയ്യുക. കുറ്റവാളികള്‍ നിങ്ങളെ എങ്ങനെയൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളോ മറ്റ് രേഖകളോ ഒന്നും കൈമാറാതിരിക്കുക. കൂടാതെ ഫോണും ഇന്റര്‍നെറ്റും ഉടനെ ഓഫ് ചെയ്യുകയും ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുക. ഒരു സാഹചര്യത്തിലും കേസ് തീര്‍പ്പാക്കാന്‍ പണം കൈമാറരുത്. അത്തരമൊരു കോള്‍ ലഭിച്ചതിന് ശേഷം കഴിയുന്നതും വേഗം അറിയാവുന്ന പോലിസ് ഹെല്‍പ്പ് ലൈനുകളില്‍ ബന്ധപ്പെടുക. മിക്ക നഗരങ്ങളിലും ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേക നമ്പര്‍ ഉണ്ട്. ഇത് മറക്കാതിരിക്കുക. ഒരു അധിക മുന്‍കരുതല്‍ എന്ന നിലയില്‍, ആവശ്യമെങ്കില്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യുക. സ്‌ക്രീന്‍ഷോട്ടുകള്‍ അല്ലെങ്കില്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ പോലെ നിങ്ങള്‍ക്ക് ശേഖരിക്കാന്‍ കഴിയുന്ന ഏതെങ്കിലും തെളിവുകളും സൂക്ഷിക്കുന്നതു നന്നായിരിക്കും.
വഞ്ചിക്കപ്പെട്ടാല്‍ എന്താണ് പരിഹാരം?
നിങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക ഏത് സാഹചര്യമായാലും, നിങ്ങളുടെ അക്കൗണ്ട് ഉടനെ മരവിപ്പിക്കാന്‍ പറയുക, അതുവഴി കൂടുതല്‍ പണം തട്ടിയെടുക്കാന്‍ കഴിയില്ല. നിങ്ങളുടെ നഗരത്തിലെ സൈബര്‍ ക്രൈം പോലീസ് ഡിപ്പാര്‍ട്ട്മെന്റിലും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും ഓണ്‍ലൈനായി പരാതി നല്‍കുക. അഴിമതിയുടെ എന്തെങ്കിലും തെളിവുകള്‍ അധികാരികള്‍ക്ക് നല്‍കുകയും ആവശ്യമെങ്കില്‍ നിയമസഹായം തേടുകയും ചെയ്യുക.
സൈബര്‍ തട്ടിപ്പില്‍ പെടാതിരിക്കാനുള്ള എല്ലാ വിധ മുന്നറിയിപ്പുകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നതാണ് വലിയ വിരോധാഭാസം. ഐ ടി മന്ത്രാലയം ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്ന വിഭാഗം രുപീകരിച്ചിട്ടുണ്ട്. പണം തട്ടുന്നവരുടെ സ്വഭാവവും അവര്‍ സാധാരണയായി ഉപയോഗിക്കുന്ന സംസാര ശൈലിയും ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരിക്കലും വീഡിയോ കോളോ ഓഡിയോ കോളോ ഉപയോഗിച്ച് ഔദ്യോഗികമായ ആശയവിനിമയങ്ങള്‍ നടത്തുകയോ ഭീഷണിപെടുത്തുകയോ ചെയ്യില്ലെന്നും ഒരിക്കലും ഡിജിറ്റല്‍ മാര്‍ഗേണ പണം ആവശ്യപ്പെടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
തമാശയായി തോന്നാമെങ്കിലും ഏറ്റവും പ്രധാനം തട്ടിപ്പില്‍ ഇരയാകാതിരിക്കുക എന്നതു തന്നെയാണ്. അതിനാവശ്യം ജാഗ്രതയോടെ ഇരിക്കലാണ്.