സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; പ്രതി അരുണ്‍ തൂങ്ങിമരിച്ചു

തിങ്കളാഴ്ച രാവിലെയാണ് കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി ആതിരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Update: 2023-05-04 09:37 GMT






കാസര്‍കോഡ്: സൈബര്‍ ആക്രമണത്തിനിരയായി യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി.എം.ആതിര ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ അരുണിനെ കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.



ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍പോയ ഇയാള്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. പ്രതി കേരളം വിട്ടതായും അവസാനം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും കഴിഞ്ഞദിവസം പോലീസ് പറഞ്ഞിരുന്നു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിനിടെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.




വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെതെന്നാണ് വിവരം. തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ യുവാവിനെക്കുറിച്ച് സംശയമുണ്ടായതോടെ കാഞ്ഞങ്ങാട് പോലീസ് കോട്ടയം പോലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് കോട്ടയം പോലീസ് ആണ് മരിച്ചത് അരുണ്‍ വിദ്യാധരനാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, ലോഡ്ജില്‍ മുറിയെടുക്കാനായി ഇയാള്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരുവിലാസമാണ് നല്‍കിയതെന്നും സൂചനകളുണ്ട്.



തിങ്കളാഴ്ച രാവിലെയാണ് കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി ആതിരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര കടുംകൈ ചെയ്തത്. അരുണിന്റെ സൈബര്‍ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷവും ഇയാള്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു.





Tags:    

Similar News