സലാഹ് ലിവര്‍പൂളിന്റെ ഐക്കണ്‍ സ്റ്റാറ്റസ് നിലനിര്‍ത്തുമോ? ആന്‍ഫീല്‍ഡ് വിടുമോ?
പിഎസ്ജിക്ക് പുറമെ റയല്‍ മാഡ്രിഡാണ് സലാഹിനായി വലവിരിച്ച മറ്റൊരു ടീം.
നിലവില്‍ ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളിലൊരാളായ ഈജിപ്തിന്റെ മുഹമ്മദ് സലാഹ് പുതിയ സീസണില്‍ ലിവര്‍പൂളിനായി തന്നെ തുടരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. താരത്തിന്റെ കരാര്‍ അവസാനിക്കാന്‍ 15മാസമാണ് ശേഷിക്കുന്നത്. സലാഹിന് മുന്നില്‍ ഇതിനോടകം ലിവര്‍പൂള്‍ രണ്ട് ഓഫര്‍ മുന്നോട്ട് വച്ചെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. ലിവര്‍പൂളിന്റെ ഐക്കണ്‍ താരമായ മുഹമ്മദ് സലാഹ് ക്ലബ്ബില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ലിവര്‍പൂളില്‍ നിന്നും സലാഹ് കൂടുതല്‍ പ്രതിഫലം ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ക്ലബ്ബിനേക്കാള്‍ വലുതല്ല ഒരു താരവും എന്നാണ് ലിവര്‍പൂള്‍ മാനേജ്‌മെന്റ് നിലപാട്.ലിവര്‍പൂളിന്റെ ഇതിഹാസ താരമായാണ് സലാഹ് വിലയിരുത്തുന്നത്. സലാഹ് പ്രതിഫലത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ അദ്ദേഹത്തെ റിലീസ് ചെയ്യാനാണ് ക്ലബ്ബിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യം.
ലോകത്തിലെ ഒന്നാം നമ്പര്‍ താരമെന്ന പട്ടം നിലവില്‍ ചൂടുമ്പോഴും സ്ഥിരത നിലനിര്‍ത്താന്‍ സലാഹിന് കഴിയുന്നില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് ശേഷം സലാഹിന്റെ ലിവര്‍പൂളിനായുള്ള പ്രകടനം താരതമ്യേന മോശമാണ്. സലാഹിന്റെ സഹതാരമായ സാദിയോ മാനെ ലിവര്‍പൂളില്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ കൊളംബിയന്‍ താരം ലൂയിസ് ഡയസ്സിനെ ലിവര്‍പൂള്‍ ടീമില്‍ എത്തിച്ചിരുന്നു. താരം മികച്ച ഫോമിലുമാണ്. അടുത്ത ട്രാന്‍സ്ഫറില്‍ എര്‍ലിങ് ഹാലന്റഡ്, എംബെപ്പെ എന്നിവരെയും ലിവര്‍പൂള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്.
അതിനിടെ സലാഹ് ലിവര്‍പൂള്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ താരത്തിനായി നിരവധി ടീമുകളാണ് രംഗത്തെത്തിയിട്ടുള്ളത്. പ്രധാനമായും ഫ്രഞ്ച് ശക്തികളായ പിഎസ്ജിയാണ് സലാഹിനെ നോട്ടമിട്ടിരിക്കുന്നത്. അടുത്ത സീസണില്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുന്ന സാഹചര്യത്തില്‍ താരത്തിന് പകരമായി സലാഹിനെ ടീമിലെത്തിക്കാനാണ് പിഎസ്ജി ഗ്രൂപ്പിന്റെ തീരുമാനം. മെസ്സിയുടെയും നെയ്മറിന്റെ പ്രകടനത്തില്‍ പിഎസ്ജി സംതൃപ്തരുമല്ല. ഇക്കാരണത്തില്‍ സലാഹിന്റെ ഏജന്റ് ആവശ്യപ്പെടുന്ന തുക നല്‍കി താരത്തെ ടീമിലെത്തിക്കാനാണ് പിഎസ്ജി നേതൃത്വത്തിന്റെ തീരുമാനം.
പിഎസ്ജിക്ക് പുറമെ റയല്‍ മാഡ്രിഡാണ് സലാഹിനായി വലവിരിച്ച മറ്റൊരു ടീം. നിലവില്‍ മിന്നും ഫോമിലുള്ള റയലിലേക്ക് സലാഹ് കൂടി വരുമ്പോള്‍ ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ ടീമാവാനാണ് റയലിന്റെ ലക്ഷ്യം. ഇറ്റാലിയന്‍ ശക്തികളായ യുവന്റസും സലാഹിനെ നോട്ടമിട്ടിട്ടുണ്ട്. സലാഹ് ലിവര്‍പൂള്‍ വിടുന്ന പക്ഷം ട്രാന്‍സ്ഫര്‍ വിപണിയില്‍ താരത്തിനായി കടുത്ത മല്‍സരമാണ് വരാനിരിക്കുന്നത്. ആഴ്ചയില്‍ 420K യൂറോയാണ് സലാഹിന്റെ ഏജന്റ് ലിവര്‍പൂളിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ക്ലബ്ബ് ഇതിന് അനുവാദം നല്‍കാന്‍ സാധ്യതയില്ല. പുതിയ സീസണില്‍ യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് ക്ലോപ്പിന്റെ തീരുമാനം. വന്‍ തുക നല്‍കി സലാഹിനെ നിലനിര്‍ത്താന്‍ ലിവര്‍പൂളിന് താല്‍പ്പര്യം കുറവാണെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഫീല്‍ഡിലെ റെക്കോഡുകളുടെ തോഴനാണ് സലാഹ്. ലിവര്‍പൂളിനായി റെക്കോഡുകള്‍ വാരിക്കൂട്ടിയ സലാഹ് ഒടുവില്‍ പ്രതിഫലത്തിന്റെ പേരില്‍ ക്ലബ്ബ് വിടുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.