പിഎസ്ജിയില്‍ 'അടിയന്തരാവസ്ഥ'; എംബാപ്പെയ്ക്ക് പുറമെ മെസ്സിക്കും പരിക്ക്
മെസ്സിയുടെ പിന്‍തുടഞെരമ്പിനാണ് പരിക്കേറ്റത്.
പാരിസ്: ഫെബ്രുവരി 15ന് ബയേണ്‍ മ്യുണിക്കിനെതിരേ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിനിറങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ പരിക്കിനെ തുടര്‍ന്ന് പുറത്തായതിന് പുറമെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പരിക്കിന്റെ പിടിയിലാണ്. മാഴ്‌സിലെയ്‌ക്കെതിരായ മല്‍സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. ഈ ആഴ്ച മൊണാക്കോയ്‌ക്കെതിരായ മല്‍സരത്തില്‍ മെസ്സി കളിക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ താരം കളിക്കുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
മെസ്സിയുടെ പിന്‍തുടഞെരമ്പിനാണ് പരിക്കേറ്റത്. മെസ്സി കൂടി പുറത്താവുന്നതോടെ പിഎസ്ജി നിര കടുത്ത സമ്മര്‍ദ്ധത്തിലാവും. ചാംപ്യന്‍സ് ലീഗ് എന്ന കിട്ടാക്കനി ഇത്തവണയും ഫ്രഞ്ച് ഭീമന്‍മാര്‍ക്ക് നഷ്ടമാവുമോ എന്ന ഭീതിയിലാണ് ഖത്തര്‍ പ്രമുഖര്‍.
വന്‍ തുക മുടക്കി എംബാപ്പെയെ നിലനിര്‍ത്തിയിട്ടും മെസ്സിയെ ടീമിലെത്തിച്ചിട്ടും പിഎസ്ജിയുടെ ദുര്‍വിധി തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫ്രഞ്ച് കപ്പ് ടീമിന് നഷ്ടമായി. ലീഗ് കിരീടവും ഇത്തവണ ഉറപ്പില്ല. പുതുവര്‍ഷത്തില്‍ മൂന്ന് തോല്‍വികളും ടീം വഴങ്ങി. മെസ്സി-നെയ്മര്‍-എംബാപ്പെ ത്രയങ്ങള്‍ വേണ്ട രീതിയില്‍ ഫോമിലേക്കെത്താത്തത് തന്നെയാണ് പിഎസ്ജിയുടെ തലവേദന. കോച്ച് ഗ്ലാറ്റിയറും താരങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തനല്ല. ഗ്ലാറ്റിയര്‍ രോഷാകുലനാണെന്നാണ് റിപ്പോര്‍ട്ട്. വന്‍ താര നിരയുണ്ടായിട്ടും ഒരു കിരീടം പോലും നേടാനാവതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ക്ലബ്ബ്. അടിയാന്തരാവസ്ഥയ്ക്ക് തുല്യമാണ് പിഎസ്ജിയിലെ നിലവിലെ അവസ്ഥയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.