11 രാജ്യങ്ങള്‍; മൂന്ന് പേര്‍ക്ക് യോഗ്യത; മരണപ്പോരാട്ടത്തിന് സാക്ഷിയാവുന്ന യൂറോപ്പ്യന്‍ പ്ലേ ഓഫ്

2002ന് ശേഷം നടന്ന എല്ലാ ലോകകപ്പിലും കളിച്ച പോര്‍ച്ചുഗലിന് ഇക്കുറി കനത്ത വെല്ലുവിളിയാണ് നേരിടേണ്ടത്.

Update: 2022-03-23 13:22 GMT


യൂറോപ്പിലെ 11 രാജ്യങ്ങളുടെ ഖത്തര്‍ ലോകകപ്പ് പ്രവേശനത്തിനുള്ള കാത്തിരിപ്പിന് ഇനി ദിവസങ്ങളുടെ ദൈര്‍ഘ്യം മാത്രം. നാളെയാണ് പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക് തുടക്കമാവുന്നത്. 11 രാജ്യങ്ങള്‍ ലോകകപ്പ് പ്ലേ ഓഫിനായി നാളെ ഇറങ്ങുമ്പോള്‍ മൂന്ന് ടീമുകള്‍ക്ക് മാത്രമാണ് യോഗ്യത നേടാന്‍ ആവൂ. കരുത്തരായ പോര്‍ച്ചുഗലും ഇറ്റലിയും ഈ യുദ്ധത്തിന് നാളെ ഇറങ്ങുന്നുണ്ട്.ഇവരില്‍ ഒരു ടീമേ യോഗ്യത നേടൂ എന്നതും ആരാധകരെ വിഷമത്തിലാക്കുന്നു. യോഗ്യതാ മല്‍സരങ്ങളിലെ ഗ്രൂപ്പില്‍ റണ്ണേഴ്‌സ് അപ്പായവരാണ് നാളെ പോരിനിറങ്ങുന്നത്. കൂടാതെ നേഷന്‍സ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഓസ്ട്രിയയും സ്‌കോട്ട്‌ലന്റും ഇവര്‍ക്കൊപ്പം ഇറങ്ങും. 11 ടീമുകളെ മൂന്ന് ഗ്രൂപ്പുകളിലായി തരം തിരിച്ചിട്ടുണ്ട്.


പാത്ത് എയില്‍ സ്‌കോട്ട്‌ലന്റ്, ഉക്രെയ്ന്‍, വെയ്ല്‍സ്, ഓസ്ട്രിയ എന്നിവരാണുള്ളത്. ഈ ഗ്രൂപ്പിലെ നാളെ നടക്കേണ്ട ഉക്രെയ്ന്‍-സ്‌കോട്ട്‌ലന്റ് മല്‍സരം ജൂണിലാണ് നടക്കുക. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് മല്‍സരം നീട്ടി വയ്ക്കുകയായിരുന്നു. നാളെ നടക്കുന്ന മറ്റൊരു മല്‍സരം വെയ്ല്‍സും ഓസ്ട്രിയയും തമ്മിലാണ്. കാഡിഫിലാണ് മല്‍സരം അരങ്ങേറുക. ഈ ഗ്രൂപ്പിലെ രണ്ടാം ഘട്ട മല്‍സരവും ജൂണില്‍ നടക്കും.


1998ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടാനാണ് ഓസ്ട്രിയ വരുന്നത്. റയല്‍ മാഡ്രിഡ് താരം ഡേവിഡ് ആല്‍ബ, മുന്‍ വെസ്റ്റ് ഹാം ഫോര്‍വേഡ് മാര്‍ക്കോ അന്‍നൗറ്റോവിക്ക് എന്നിവരാണ് ടീമിന്റെ പ്രധാന താരങ്ങള്‍. 64 വര്‍ഷങ്ങള്‍ക്ക് ശേഷം യോഗ്യത തേടിയാണ് വെയ്ല്‍സ് ഇറങ്ങുന്നത്.


പാത്ത് ബിയില്‍ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയുടെ പോളണ്ട്, സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ സ്വീഡന്‍, പാട്രിക്ക് ഷിക്കിന്റെ ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ അണിനിരക്കും. നാളെ സ്വീഡന്‍ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഈ മല്‍സരത്തിലെ വിജയി പോളണ്ടിനെ നേരിടും. റഷ്യയെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് പോളണ്ടിന്റെ ആദ്യമല്‍സരം ഒഴിവായത്. 2006 ലാണ് ചെക്ക് അവസാനമായി ലോകകപ്പ് കളിച്ചത്.


മരണ ഗ്രൂപ്പിലെ പോരാട്ടമാണ് പാത്ത് സിയില്‍ നടക്കുന്നത്. യൂറോ കപ്പ് ജേതാക്കളായ ഇറ്റലി നോര്‍ത്ത് മാസിഡോണിയയെ നേരിടും. ഇതേ ദിവസം നടക്കുന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ തുര്‍ക്കിയെ നേരിടും. രണ്ട് മല്‍സരങ്ങളിലെയും വിജയികള്‍ 29ന് ഏറ്റുമുട്ടും. നാല് തവണ ലോകകപ്പ് നേടിയ ഇറ്റലിക്ക് കഴിഞ്ഞ തവണ ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.ഇതുവരെ ലോകകപ്പ് കളിക്കാത്ത ടീമാണ് നോര്‍ത്ത് മാസിഡോണിയ.


2002ന് ശേഷം നടന്ന എല്ലാ ലോകകപ്പിലും കളിച്ച പോര്‍ച്ചുഗലിന് ഇക്കുറി കനത്ത വെല്ലുവിളിയാണ് നേരിടേണ്ടത്. മോശമല്ലാത്ത ഫോമിലുള്ള തുര്‍ക്കിയാണ് പോര്‍ച്ചുഗലിന്റെ എതിരാളി. തുര്‍ക്കിയോട് ജയിച്ചാലും മാസിഡോണിയാ-ഇറ്റലി മല്‍സരത്തിലെ വിജയിയെ പോര്‍ച്ചുഗലിനെ നേരിടണം. മാസിഡോണിയയെ അനായാസം മറികടന്നെത്തുന്ന ഇറ്റലിക്ക് എതിരാളിയായി വരിക പോര്‍ച്ചുഗലോ തുര്‍ക്കിയോ എന്ന് കണ്ടറിയണം. യൂറോപ്പ്യന്‍ ഫുട്‌ബോളിലെ മിന്നും ശക്തികളായ ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവരില്‍ ആര് ഖത്തറിലെത്തും എന്നും നോക്കികാണാം.




Tags:    

Similar News