സ്വന്തം നാട്ടില്‍ ഖത്തര്‍ അട്ടിമറി ജയം നേടുമോ?

ഇന്ന് രാത്രി 9.30നാണ് ഖത്തറും ഇക്വഡോറുമായുള്ള ഉദ്ഘാടന മല്‍സരം.

Update: 2022-11-20 04:16 GMT

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കളിക്കുന്നതിന്റെ ത്രില്ലറിലാണ് ഖത്തര്‍. ആതിഥേയ രാഷ്ട്രമെന്ന നിലയിലാണ് ഖത്തറിന് യോഗ്യത ലഭിച്ചത്. എന്നാല്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടുകളില്‍ ഭേദപ്പെട്ട പ്രകടനവും ഈ ടീം പുറത്തെടുത്തിരുന്നു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയ ഖത്തര്‍ ലോക റാങ്കിങില്‍ 50ാം സ്ഥാനത്താണ്. ഇന്ന് രാത്രി 9.30നാണ് ഖത്തറും ഇക്വഡോറുമായുള്ള ഉദ്ഘാടന മല്‍സരം.സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഖത്തര്‍ തിളങ്ങുമോ എന്ന് നോക്കാം.

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കരുത്തരായ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ കിരീടം നേടിയത്. ഖത്തറിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പൊന്‍തൂവല്‍ ആയിരുന്നു ഇത്. ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഖത്തറിന്റെ സ്ഥാനം. ഫെലിക്‌സ് സാഞ്ചസ് എന്ന സ്പാനിഷ് പരിശീലകനാണ് ഖത്തറിനെ പരിശീലിപ്പിക്കുന്നത്. ആക്രമണ ഫുട്‌ബോളിനാണ് ഖത്തര്‍ പ്രധാന്യം നല്‍കുന്നത്. ഹസ്സന്‍ ഹൈഡോസ്, അലി അസാഡല്ല, അബ്ദെല്‍കരീം സാലെം, ഹാതെം അബ്ദെല്‍ അസീസ്, ഇസ്മായില്‍ മുഹമ്മദ്, അലി അഫീഫ്, ഹമീദ് ഇസ്മായില്‍ എന്നിവരാണ് ഖത്തറിന്റെ പ്രധാന താരങ്ങള്‍. ഗോള്‍ വലകാക്കുന്നത് സാദ് അല്‍ ഷീബ് ആണ്.





കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന ഫിഫാ അറബ് കപ്പില്‍ വമ്പന്‍മാരായ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഖത്തര്‍ മൂന്നാം സ്ഥാനത്തെത്തിയത് അവരുടെ എടുത്തു പറയത്തക്ക നേട്ടമാണ്. 2019ല്‍ ഖത്തറിന് കോപ്പാ അമേരിക്കയില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചിരുന്നു.എന്നാല്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഖത്തര്‍ സ്റ്റാഴ്‌സ് ലീഗില്‍ കളിക്കുന്ന താരങ്ങളാണ് ടീമില്‍ അധികം ഉള്ളത്. അക്രം അഫീഫാണ് ടീമിലെ പ്രധാനി. തന്ത്ര ശാലിയായ ഇടത് വിങ്ങറാണ് താരം. സ്പാനിഷ് ലീഗില്‍ വിയ്യാറയലിനൊപ്പം നേരത്തെ കളിച്ചിരുന്ന താരം ബെല്‍ജിയന്‍ ലീഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ജേഷ്ടന്‍ അലിയും ടീമിലുണ്ട്. അല്‍ സാദ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന അല്‍ ഹൈദോസുംം ടീമിന്റെ പ്രധാനിയായ താരമാണ്. രാജ്യത്തെ നാലാമത്തെ ടോപ് സ്‌കോറര്‍ ആണ്.


അല്‍മോയിസ് അലിയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. എഎഫ്‌സി കപ്പില്‍ ഒമ്പത് ഗോളുകളും കോണ്‍കാകാഫ് ഗോള്‍ഡന്‍ കപ്പില്‍ മോയിസ് നാലും ഗോള്‍ നേടിയിരുന്നു. ഓസ്‌ട്രേലിയയിലും സ്‌പെയിനിലും കളിച്ച പരിചയസമ്പത്ത് അലിക്ക് ഗുണം ചെയ്യും.


ഗ്രൂപ്പ് എയില്‍ യൂറോപ്പിലെ പ്രബല ശക്തികളായ നെതര്‍ലന്റസ്, ആഫ്രിക്കന്‍ പ്രമുഖരായ സെനഗല്‍, ലാറ്റിന്‍ അമേരിക്കന്‍ വീരന്‍മാരായ ഇക്വഡോര്‍ എന്നിവരുമായാണ് ഖത്തര്‍ ഏറ്റുമുട്ടേണ്ടത്. നെതര്‍ലന്റസും സെനഗലും ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അനായാസം എത്തിയേക്കാം. എന്നാല്‍ കിട്ടിയ അവസരം അറബ് രാജ്യം മുതലെടുത്താല്‍ ഒരു അട്ടിമറി തന്നെ പ്രതീക്ഷിക്കാം. വിദേശത്തെ നീണ്ടകാല പരിശീലനത്തിന് ശേഷം ഖത്തര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇക്വഡോറിനെതിരേ ഉദ്ഘാടന മല്‍സരത്തിന് ഖത്തര്‍ ഇറങ്ങുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ആതിഥേയ രാഷ്ട്രത്തിന്റെ വിജയത്തിനായി മോഹിക്കുമെന്നുറപ്പ്. ആര്‍ത്തുവിളിക്കുന്ന ആരവങ്ങളുടെയും അണമുറിയാത്ത പ്രാര്‍ഥനകളുടെയും സമ്മര്‍ദ്ദത്തെ അതിജയിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞാല്‍ ലോകകപ്പിന്റെ ആവേശം ആകാശത്തോളമുയരുമെന്നുറപ്പാണ്.



Tags:    

Similar News