സഞ്ജുവിന് പകരം രാജസ്ഥാന്‍ റോയല്‍സില്‍ 14കാരന്‍ വൈഭവ് സൂര്യവന്‍ഷി ഇറങ്ങുന്നു; ചരിത്ര നേട്ടത്തിലേക്ക് താരം

Update: 2025-04-19 14:35 GMT
സഞ്ജുവിന് പകരം രാജസ്ഥാന്‍ റോയല്‍സില്‍ 14കാരന്‍ വൈഭവ് സൂര്യവന്‍ഷി ഇറങ്ങുന്നു; ചരിത്ര നേട്ടത്തിലേക്ക് താരം

ലക്‌നൗ:ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയത് റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍. വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടര്‍ന്ന് സഞ്ജുവിന് ലക്‌നൗവിന് എതിരായ മത്സരം നഷ്ടമായി. സഞ്ജുവിന് പകരം 14കാരന്‍ വൈഭവ് സൂര്യവന്‍ഷിയെയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ആണ് സൂര്യവന്‍ഷിയുടെ പേരിലേക്ക് എത്തുന്നത്.

വൈഭവ് സൂര്യവന്‍ഷിയുടെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരമാവും ഇത്. സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവന്‍ഷിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി താത്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ടോസിന്റെ സമയം അറിയിച്ചു. ഇംപാക്ട് കളിക്കാരുടെ ലിസ്റ്റില്‍ ആണ് വൈഭവിന്റെ പേരുള്ളത്.

2011ലാണ് വൈഭവ് ജനിച്ചത്. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം വൈഭവ് സൂര്യവന്‍ഷിയുടെ പേരിലേക്ക് വരും. മിന്നും പ്രകടനത്തിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയാണ് സൂര്യവന്‍ഷി ശ്രദ്ധ പിടിച്ചത്. 12ാം വയസിലാണ് വൈഭവ് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്.



1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് താര ലേലത്തില്‍ സ്വന്തമാക്കിയത്. നെറ്റ്‌സിലെ പരിശീലനത്തില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ അടിച്ചുപറത്തുന്ന വൈഭവിന്റെ വിഡിയോ ഉള്‍പ്പെടെ വൈറലായിരുന്നു.





Tags:    

Similar News