അര്‍ധരാത്രി ബിസിസിഐ പ്രഖ്യാപനം; ദുലീപ് ട്രോഫി ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍

Update: 2024-09-05 05:23 GMT

ബെംഗളൂരു: ദുലീപ് ട്രോഫി ഇന്നു തുടങ്ങാനിരിക്കെ, ഇന്നലെ അര്‍ദ്ധരാത്രി ബിസിസിഐയുടെ പ്രഖ്യാപനം. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ബിസിസിഐയുടെ പ്രഖ്യാപനം. കാലിനു പരുക്കേറ്റ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷനു പകരക്കാരനായാണ് ബിസിസിഐ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇഷാന്‍ കിഷന്‍ പരുക്കുമൂലം കളിക്കുന്നില്ലെന്ന കാര്യവും, പകരം സഞ്ജു 'ഇന്ത്യ ഡി' ടീമില്‍ കളിക്കുന്ന വിവരവും ബിസിസിഐ തന്നെയാണ് ഇന്നു പുലര്‍ച്ചെ അറിയിച്ചത്. അതേസമയം, അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇന്ന് ആരംഭിച്ച ഇന്ത്യ 'സി'യ്ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു കളിക്കുന്നില്ല. ശ്രീകര്‍ ഭരതാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.

പരിക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവും പേസര്‍ പ്രസിദ്ധ് കൃഷ്ണയും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഇന്ത്യ ഡി ടീമില്‍ അംഗമായിരുന്നു ഇഷാന്‍. എന്നാല്‍ ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായുള്ള മത്സരത്തിനിടെ പരിക്കേറ്റതാണ് ഇഷാന് തിരിച്ചടിയായത്. ബുച്ചി ബാബു ടൂര്‍ണമെന്റിനിടെ സൂര്യയുടെ കൈയ്ക്കും പരിക്കേറ്റിരുന്നു. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ദുലീപ് ട്രോഫി ടീമുകളില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.

ഇന്നു രാവിലെ 9.30ന് ഋതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായ സി ടീമിനെതിരെയാണ് ഡി ടീമിന്റെ ആദ്യ മത്സരം. അനന്തപുര്‍ റൂറല്‍ ഡെവലപ്‌മെന്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതേസമയം തന്നെ, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ എ, ബി ടീമുകളും ഏറ്റുമുട്ടും. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചാകും ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.





Tags:    

Similar News