പരാജയമറിയാത്ത 28ാം മല്‍സരം; ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീനന്‍ കുതിപ്പ് തുടരുന്നു
ഇന്റര്‍മിലാന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സിലൂടെ വാമോസ് വിജയഗോള്‍ നേടി.
ബ്യൂണസ് ഐറിസ്: തോല്‍വിയറിയാത്ത അര്‍ജന്റീന്‍ കുതിപ്പ് ലാറ്റിന്‍ അമേരിക്കയില്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ചിലിയെ 2-1ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ പ്രയാണം. ഭാഗ്യ താരം ഡി മരിയയുടെ ഒമ്പതാം മിനിറ്റിലെ ലോങ് റേയ്ഞ്ച് വണ്ടര്‍ ഗോളില്‍ അര്‍ജന്റീന തന്നെയാണ് ലീഡെടുത്തത്. ഇതിന് 20ാം മിനിറ്റില്‍ തന്നെ മറുപടി നല്‍കാന്‍ ചിലിയ്ക്കായി. ബെന്‍ ബ്രര്‍ട്ടണ്‍ ഡയസ്സാണ് ചിലിയ്ക്കായി സ്‌കോര്‍ ചെയ്തത്. 14മിനിറ്റുകള്‍ക്ക് ശേഷം ഇന്റര്‍മിലാന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സിലൂടെ വാമോസ് വിജയഗോള്‍ നേടി.
മല്‍സരത്തില്‍ ചിലി എല്ലാ മേഖലകളിലും അര്‍ജന്റീനയേക്കാള്‍ ആധിപത്യം നേടിയിരുന്നു. എന്നാല്‍ പന്ത് ലക്ഷ്യം കാണാത്തത് ചിലിക്ക് തിരിച്ചടി ആവുകയായിരുന്നു. തോല്‍വിയോടെ ചിലിയുടെ ലോകകപ്പ് യോഗ്യതാ പ്രതീക്ഷ തുലാസിലായി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കോച്ച് ലയണല്‍ സ്‌കലോണിയും ഇല്ലാതെയാണ് ടീം ഇന്നിറങ്ങിയത്.ജയത്തോടെ അര്‍ജന്റീന പോയിന്റ് പട്ടികയില്‍ ബ്രസീലിന് താഴെ 32 പോയിന്റുമായാണ് നില്‍ക്കുന്നത്. ബ്രസീലിന് 36 പോയിന്റാണുള്ളത്.