അല്‍ നസറിനായി 50 ഗോളുകള്‍; റെക്കോഡ് നേട്ടവുമായി ക്രിസ്റ്റിയാനോ

Update: 2024-03-16 06:25 GMT
അല്‍ നസറിനായി 50 ഗോളുകള്‍; റെക്കോഡ് നേട്ടവുമായി ക്രിസ്റ്റിയാനോ

റിയാദ്: അല്‍ നസറിനായി 50 ഗോളുകള്‍ എന്ന പുതിയ നാഴികല്ല് പിന്നിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രൊ ലീഗില്‍ അല്‍ അഹ്ലിക്കെതിരേ ഇന്ന് സ്‌കോര്‍ ചെയ്തതോടെയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. അല്‍ അഹ്ലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ തന്റെ ഗോള്‍ നേട്ടം 23 ആക്കി മാറ്റാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് സാധിച്ചു. അല്‍ നസറിനൊപ്പം ഈ സീസണില്‍ മുഴുവന്‍ മത്സരങ്ങളില്‍ 32 മത്സരങ്ങളില്‍ നിന്നും 29 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 68ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെച്ചുകൊണ്ട് റൊണാള്‍ഡോയാണ് അല്‍ നസറിനായി ഏക ഗോള്‍ നേടിയത്. മത്സരത്തില്‍ പന്തുമായി മുന്നേറിയ അല്‍ നസര്‍ താരത്തെ ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി വാര്‍ പരിശോധിക്കുകയും അല്‍ നസറിന് അനുകൂലമായി പെനാല്‍റ്റി നല്‍കുകയുമായിരുന്നു.

അല്‍ നസറിന്റെ പോസ്റ്റിലേക്ക് എതിരാളികള്‍ 10 ഷോട്ടുകള്‍ ആണ് പായിച്ചത്. എന്നാല്‍ ഇതൊന്നും ലക്ഷ്യം കാണാതെ പുറത്തുപോയതാണ് അല്‍ അഹ്ലിക്ക് തിരിച്ചടിയായത്. ജയത്തോടെ സൗദി പ്രോ ലീഗില്‍ 24 മത്സരങ്ങളില്‍ നിന്നും 18 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയും അടക്കം 56 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. മാര്‍ച്ച് 31ന് അല്‍ തായ്ക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവാല്‍ സ്റ്റേഡിയമാണ് വേദി.




Tags:    

Similar News