ഒരു വര്‍ഷത്തിന് ശേഷം സുല്‍ത്താന്‍ തിരിച്ചെത്തി; എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ അല്‍ ഹിലാലിന്റെ ഗോള്‍ മഴ
റിയാദ്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരിക്കില്‍ നിന്നും മോചിതനായ നെയ്മര്‍ അല്‍ ഹിലാലിനായി വീണ്ടും അരങ്ങേറി. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നെയ്മറിന്റെ അല്‍ ഹിലാല്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് യുഎഇ ടീമായ അല്‍ ഐയിനിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 77-ാം മിനിറ്റില്‍ പകരക്കാരനായാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളത്തിലിറങ്ങിയത്.
മല്‍സരത്തില്‍ ഇരു ടീമിലെയും ഒരോ താരങ്ങള്‍ ഹാട്രിക്ക് നേടുകയും ചെയ്തു. അല്‍ ഹിലാലിന് വേണ്ടി സൗദി താരം അല്‍ ദവ്‌സാരി ഹാട്രിക്ക് നേടിയപ്പോള്‍ അല്‍ ഐനിന് വേണ്ടി മൊറോക്കന്‍ തരാം സൗഫിയാന്‍ റഹിമിയാണ് ഹാട്രിക്ക് നേടിയത്.
26-ാം മിനിറ്റില്‍ അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ അസിസ്റ്റില്‍ നിന്നും റെനാന്‍ ലോഡി അല്‍ ഹിലാലിനെ മുന്നിലെത്തിച്ചതോട് കൂടിയാണ് ഗോള്‍ മഴ ആരംഭിക്കുന്നത്. 39-ാം മിനിറ്റില്‍ എറിക്കിന്റെ അസിസ്റ്റില്‍ സൗഫിയാന്‍ റഹിമി അല്‍ ഐനിന് വേണ്ടി സമനില പിടിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ 45+2-ാം മിനിറ്റില്‍ സാവിച്ച് വീണ്ടും അല്‍ ഹിലാലിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് മൂന്ന് മിനിറ്റിന് ശേഷം അല്‍ ദവ്‌സാരി കൂടി ഗോള്‍ കണ്ടെത്തിയതോടെ സ്‌കോര്‍ 3-1 ലെത്തി.
എന്നാല്‍ രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ സനാബ്രിയയുടെ ഗോളില്‍ അല്‍ ഐന്‍ ലീഡ് ചുരുക്കി 3-2 ലെത്തിച്ചു. എന്നാല്‍ അല്‍ ദവ്‌സാരി തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി അല്‍ ഹിലാലിനെ വീണ്ടും രണ്ട് ഗോള്‍ ലീഡിലെത്തിച്ചു, സ്‌കോര്‍ 4 -2. 67-ാം മിനിറ്റില്‍ റഹീമി രണ്ടാം ഗോളിലൂടെ അല്‍ ഐനെ 4 -3 ലെത്തിച്ചു. 75-ാം മിനിറ്റില്‍ അല്‍ ദവ്‌സാരി ഹാട്രിക്ക് പൂര്‍ത്തിയാക്കിയതോടെ സ്‌കോര്‍ 5-3 ആയി. ശേഷം 90+6 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തി അല്‍ ഐനിന്റെ റഹിമി കൂടി ഹാട്രിക്ക് കണ്ടെത്തിയതോടെ സ്‌കോര്‍ 5-4 ന് അവസാനിച്ചു.