റിയാദ്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സൗദി കിങ്‌സ് കപ്പ് ക്വാര്‍ട്ടറില്‍ അല്‍ ഇത്തിഹാദ് വിജയികള്‍. ഷൗട്ടൗട്ടില്‍ അല്‍ ഹിലാലിനെ 3-1നാണ് ഇത്തിഹാദ് വീഴ്്ത്തിയത്.നിശ്ചിത സമയത്ത് മല്‍സരം 1-1 എന്ന നിലയിലും അധിക സമയത്ത് മത്സരം 2-2 എന്ന നിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് വിജയികളെ നിശ്ചയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. നേരത്തെ അല്‍ ഹിലാലിനായി സലീം അല്‍ദോസരി(72), മാര്‍ക്കോസ് ലിയോന്‍ഡ്രോ(101) എന്നിവര്‍ സ്‌കോര്‍ ചെയ്തു. അല്‍ ഇത്തിഹാദിനായി കരീം ബെന്‍സിമ ഇരട്ട ഗോള്‍ നേടി. 63, 114 മിനിറ്റുകളായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോളുകള്‍. ഹിലാലിന്റെ മൂന്നു ഷോട്ടുകള്‍ ഇത്തിഹാദ് ഗോളി പ്രദ്രാഗ് രാജ്‌കോവിച്ച് തടുത്താണ് ടീമിന് വിജയമൊരുക്കിയത്. 10ാം മിനിറ്റില്‍ ഗോള്‍ വേട്ടക്കാരനായ അലക്‌സാണ്ടര്‍ മിത്രോവിച്ച് പരിക്കേറ്റ് പുറത്തായത് ഹിലാലിന് തിരിച്ചടിയായിരുന്നു.
കഴിഞ്ഞ രണ്ട് തവണയും അല്‍ ഹിലാല്‍ ആയിരുന്നു കിങ്‌സ് കപ്പിലെ ചാംപ്യന്‍മാര്‍. തോല്‍വിയോടെ അല്‍ ഹിലാല്‍ പുറത്തായി. ജയത്തോടെ അല്‍ ഇത്തിഹാദ് സെമിയില്‍ പ്രവേശിച്ചു. അല്‍ ക്വാദിസ്, അല്‍ ഷബാബ്,അല്‍ റെയ്ദ് എന്നിവരും സെമിയില്‍ പ്രവേശിച്ചിരുന്നു.