റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ കളിക്കും. റൊണാള്‍ഡോയും അല്‍ നസറും ഇന്ന് നടന്ന എ സി എല്‍ പ്ലേ ഓഫ് മത്സരത്തില്‍ നാടകീയമായ വിജയം സ്വന്തമാക്കിയാണ് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടിയത്. യു എ ഇ ക്ലബായ ശബാബ് അല്‍ അഹ്ലിക്ക് എതിരെ 89 മിനുട്ട് വരെ പിറകില്‍ നിന്ന അല്‍ നസര്‍ അവസാന ആറ് മിനുട്ടില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്. 4-2ന്റെ വിജയമാണ് അവര്‍ നേടിയത്.
ഇന്ന് ശക്തമായ ലൈനപ്പുമായി ഇറങ്ങിയ അല്‍ നസര്‍ 11ആം മിനുട്ടില്‍ ടലിസ്കയിലൂടെ ലീഡ് എടുത്തു. എന്നാല്‍ ആ ലീഡ് അധികനേരം നിലനിര്‍ത്താന്‍ അല്‍ നസറിനായില്ല. 18ആം മിനുട്ടില്‍ അല്‍ ഗസാനിയിലൂടെ അല്‍ അഹ്ലിയുടെ സമനില ഗോള്‍ വന്നു. ആദ്യ പകുതിയില്‍ ലീഡ് തിരിച്ചുപിടിക്കാന്‍ അല്‍ നസര്‍ ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
റൊണാള്‍ഡോ രണ്ട് പെനാള്‍ട്ടി അപ്പീലുകള്‍ നടത്തി എങ്കിലും റഫറി അല്‍ നസറിന് അനുകൂലമായ നടപടി എടുത്തില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗസാനിയിലൂടെ ശബാബ് അല്‍ അഹ്ലി രണ്ടാം ഗോളും കണ്ടെത്തി ലീഡ് എടുത്തു. സ്കോര്‍ 2-1.അല്‍ നസര്‍ ഇതിനു ശേഷം തീര്‍ത്തും അറ്റാക്കിലേക്ക് നീങ്ങി എങ്കിലും ഗോള്‍കീപ്പറെ കാര്യമായി പരീക്ഷിക്കാന്‍ പോലും അല്‍ നസറിനായില്ല. അവസാനം 89ആം മിനുട്ടില്‍ സുല്‍ത്താന്‍ അല്‍ ഗന്നാമിന്റെ ഹെഡറിലൂടെ അല്‍ നസര്‍ സമനില കണ്ടെത്തി. സ്കോര്‍ 2-2. 94ആം മിനുട്ടില്‍ ടലിസ്കയുടെ ഹെഡറിലൂടെ അല്‍ നസര്‍ വിജയ ഗോളും കണ്ടെത്തി. സ്കോര്‍ 3-2. തൊട്ടടുത്ത മിനുട്ടില്‍ റൊണാള്‍ഡോ നല്കിയ പാസ് സ്വീകരിച്ച് ബ്രൊസോവിചിന്റെ വക നാലാം ഗോള്‍. സ്കോര്‍ 4-2.