ഖത്തറിലേക്കുള്ള പോര്‍ച്ചുഗല്‍ സ്വപ്‌നത്തിന് ബ്ലോക്കിട്ട് സെര്‍ബിയയുടെ കുതിപ്പ്

ഖത്തറില്‍ കളിക്കണമെങ്കില്‍ പ്ലേ ഓഫില്‍ കളിച്ച് ജയിക്കേണ്ട വിധിയാണ്.

Update: 2021-11-15 02:38 GMT


ലിസ്ബണ്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഖത്തര്‍ ലോകകപ്പ് കളിക്കാനാകുമോ എന്നറിയാന്‍ യോഗ്യത റൗണ്ടിലെ പ്ലേ ഓഫ് കളിക്കണം.ഇന്ന് യൂറോപ്പ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഒന്നില്‍ സെര്‍ബിയയെ നേരിട്ട പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതോടെയാണ് അവരുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അസ്തമിച്ചത്. ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ഇരുടീമും ഇറങ്ങിയത് തുല്യ പോയിന്റുമായിരുന്നു. ജയിച്ചവര്‍ക്ക് ഖത്തറിലേക്കുള്ള യോഗ്യതയായിരുന്നു. ഗ്രൂപ്പില്‍ ഒന്നാമതുള്ള പോര്‍ച്ചുഗലിന് യോഗ്യതക്ക് വേണ്ടത് ഒരു സമനില മാത്രമായിരുന്നു. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബെര്‍ണാഡോ സില്‍വിയുടെ അസിസ്റ്റില്‍ റെനറ്റോ സാഞ്ചസ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയിരുന്നു.


എന്നാല്‍ ദുസന്‍ ടാഡിക്ക്‌സിലൂടെ സെര്‍ബിയ 33ാം മിനിറ്റില്‍ സമനില പിടിച്ചു. മല്‍സരം സമനിലയിലേക്ക് പോവുന്ന അവസരത്തിലാണ് പോര്‍ച്ചുഗലിന്റെ നെഞ്ചുപിളര്‍ക്കുന്ന ഗോള്‍ വരുന്നത്. 90ാം മിനിറ്റില്‍ ഫുള്‍ഹാം സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. മല്‍സരത്തില്‍ ആദ്യം പോര്‍ച്ചുഗലിനാണ് ആധിപത്യമെങ്കിലും പിന്നീട് സെര്‍ബിയന്‍ കുതിപ്പായിരുന്നു. നിരവധി അവസരങ്ങളും അവര്‍ സൃഷ്ടിച്ചു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് ടീമിന്റെ യൂറോ യോഗ്യത നഷ്ടപ്പെടുത്തിയ മിട്രോവിച്ച് തന്റെ ഗോളിലൂടെ ടീമിന് ലോകകപ്പ് യോഗ്യതയാണ് നല്‍കിയത്. ഇതോടെ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ടീമിനും ഖത്തറില്‍ കളിക്കണമെങ്കില്‍ പ്ലേ ഓഫില്‍ കളിച്ച് ജയിക്കേണ്ട വിധിയാണ്. മാര്‍ച്ച് മാസത്തിലാണ് പ്ലേ ഓഫിലെ രണ്ട് റൗണ്ട് മല്‍സരങ്ങള്‍.2013ല്‍ തുടങ്ങിയ ഹോം ഗ്രൗണ്ടിലെ വിജയകുതിപ്പിനാണ് സെര്‍ബിയ തടയിട്ടത്. ഗ്രൂപ്പില്‍ 20 പോയിന്റുമായാണ് സെര്‍ബിയ ഒന്നാമതെത്തിയത്. പോര്‍ച്ചുഗലിന് 17 പോയിന്റാണുള്ളത്.




Tags:    

Similar News