പ്രഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടതൊടിക

Update: 2024-11-02 05:55 GMT

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോളിന്റെയും മലയാളത്തിന്റെയും വിശ്വസ്തനായ പ്രതിരോധ താരം അനസ് എടത്തൊടിക പ്രഫഷനല്‍ വിരമിച്ചു. ഈ സീസണില്‍ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായിരുന്നു 37 കാരനായ അനസ്. നേരത്തെ 2019ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു. സൂപ്പര്‍ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്നലെ മലപ്പുറം എഫ്സിക്ക് വേണ്ടി കളത്തിലിറങ്ങിയ അനസ് എടത്തൊടിക ഇനി ബൂട്ട് അണിയില്ല. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2017 ല്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിച്ച അനസ് രാജ്യത്തിനായി 21 മത്സരങ്ങള്‍ കളിച്ചു. 2007 ല്‍ മുംബൈ ടീമിനായി ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ചായിരുന്നു അനസിന്റെ പ്രഫഷണല്‍ ഫുടബോളിലേക്കുള്ള കടന്നുവരവ്. 2011 വരെ മുംബൈക്കൊപ്പം ഐ ലീഗ് കളിച്ച താരം 2011 മുതല്‍ 2015 വരെ പുനെക്ക് വേണ്ടി കളത്തിലിറങ്ങി. ഐ ലീഗില്‍ മികച്ച പ്രതിരോധ താരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

ഐ ലീഗിലെ മികച്ച പ്രകടനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തിച്ചു. ഡല്‍ഹി ഡൈനാമോസിന് വേണ്ടി 2015ല്‍ അരങ്ങേറിയ താരം പിന്നീട് മോഹന്‍ ബഗാന്‍, ജംഷഡ്പൂര്‍, കേരള ബ്ലാസ്റ്റേഴ്‌സ്, എ ടി കെ തുടങ്ങി ടീമുകള്‍ക്കെല്ലാം കളിച്ചു. ശേഷം ഗോകുലം കേരള എഫ്സിയില്‍ തിരിച്ചെത്തി. കേരളത്തില്‍ പുതിയ ഫുട്‌ബോള്‍ പരീക്ഷണമായി സൂപ്പര്‍ ലീഗ് കേരള എത്തിയപ്പോള്‍ പ്രാധാന ടീമിലൊന്നായ മലപ്പുറം എഫ്സിയുടെ നായകനായി. 2017 ല്‍ ട്രൈനേഷന്‍സും 2018 ല്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.






Tags:    

Similar News