അര്‍ജന്റീനന്‍ താരം പൗലോ ഡിബാലയ്ക്ക് ശസ്ത്രക്രിയ; ശേഷിക്കുന്ന സീസണ്‍ നഷ്ടമാകും

റോം: എ എസ് റോമയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം പൗലോ ഡിബാലയ്ക്ക് ശേഷിക്കുന്ന സീസണ്‍ നഷ്ടമാകും. ഇടതു കാലിനേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച കാഗ്ലിയാരിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാവുമെന്ന വിവരം പൗലോ ഡിബാലയും ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് മുന്‍പത്തേക്കള്‍ ശക്തനായി എത്രയും പെട്ടന്ന് തിരിച്ചുവരുമെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബ്രസീല്‍, ഉറുഗ്വേ ടീമുകള്‍ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ ടീമില്‍ പൗലോ ഡിബാല ഉള്‍പ്പെട്ടതായിരുന്നു. ഈ സാഹചര്യത്തില്‍ പരിക്കേറ്റതിനാല്‍ താരത്തിന് ദേശീയ ടീമിന് വേണ്ടിയുള്ള മത്സരങ്ങളും നഷ്ടമാവും. ലയണല്‍ മെസി, ലൗതാരോ മാര്‍ട്ടിനസ്, അലസാന്ദ്രോ ഗര്‍നാച്ചോ എന്നീ താരങ്ങളും പരിക്ക് കാരണം അര്‍ജന്റീന ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട്.
ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ നിലവില്‍ ഏഴാമതാണ് റോമ. ക്ലോഡിയോ റെയ്നേരിയുടെ കീഴില്‍ ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് നില്‍ക്കുന്ന റോമയ്ക്ക് ചാംപ്യന്‍സ് ലീഗ് സ്പോട്ട് ഉറപ്പാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ ടീമിലെ പ്രധാന താരത്തിന് പരിക്കേറ്റത് റോമയ്ക്ക് കനത്ത തിരിച്ചടിയാണ്.