ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് ബഹ്‌റൈനെതിരേ

ഇന്നത്തെ മല്‍സരം സമനിലയിലായാല്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ആയി പ്രീക്വാര്‍ട്ടറില്‍ കയറാം. ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യ തോല്‍വി നേരിടുകയാണെങ്കില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് മറ്റ് മല്‍സരഫലങ്ങള്‍ ആശ്രയിക്കേണ്ടിവരും.

Update: 2019-01-14 10:47 GMT

ഷാര്‍ജ: ഏഷ്യാകപ്പില്‍ ഗ്രൂപ്പ് എയിലെ മൂന്നാംമല്‍സരത്തില്‍ ഇന്ത്യ ഇന്ന് ബഹ്‌റൈനെതിരേ ഇറങ്ങും. ആദ്യമല്‍സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാംമല്‍സരത്തില്‍ യുഎഇയോട് തോറ്റിരുന്നു. യുഎഇയുടെ രണ്ടാം മല്‍സരത്തില്‍ അവരെ സമനിലയില്‍ കുരുക്കിയ ടീമാണ് ബഹ്‌റൈന്‍. റാങ്കിങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലാണെങ്കിലും മുന്നും പിന്നും നോക്കാതെയുള്ള പോരാട്ടമാണ് ബഹ്‌റൈന്റേത്.

ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റാണ് ഇന്ത്യയ്ക്ക്. ഇന്ന് പ്രീക്വാര്‍ട്ടറില്‍ എത്തിയാല്‍ ഇന്ത്യയുടെ ചരിത്ര നേട്ടമാവും. ഇന്നത്തെ മല്‍സരം സമനിലയിലായാല്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ആയി പ്രീക്വാര്‍ട്ടറില്‍ കയറാം. ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യ തോല്‍വി നേരിടുകയാണെങ്കില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് മറ്റ് മല്‍സരഫലങ്ങള്‍ ആശ്രയിക്കേണ്ടിവരും. ഗ്രൂപ്പില്‍ അവസാനമുള്ള ബഹ്‌റൈന് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ മല്‍സരങ്ങളില്‍ കളിച്ച ഇലവന്‍ തന്നെയാണ് ഇന്ത്യ ഇന്നിറക്കുക. ഗോളടി മികവുള്ള ഛേത്രി തന്നെയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. എന്തിനും പോന്ന യുവനിരയും ബഹ്‌റൈനെതിരെയുള്ള ഇന്ത്യയുടെ പ്രധാന ആയുധമാണ്.

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ 107ാം മല്‍സരത്തിനാണ് ഷാര്‍ജ വേദിയാവുന്നത്. മികച്ച ശാരീരികക്ഷമതയുള്ള ബഹ്‌റൈന്‍ ടീം സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സാദ് അല്‍ റൊമൈഹിയയെ മുന്‍ നിര്‍ത്തിയാണ് പോരാട്ടം. മുമ്പ് ബഹ്‌റൈനെതിരേ നടന്ന അഞ്ചു മല്‍സരങ്ങളില്‍ നാലെണ്ണത്തിലും ഇന്ത്യ തോറ്റിരുന്നു എന്നത് മറ്റൊരു ചരിത്രമാണ്. രാത്രി 9.30നാണ് മല്‍സരം. യുഎഇ, തായ്‌ലാന്‍ഡ് മല്‍സരവും ഇതേസമയം മറ്റൊരു വേദിയില്‍ നടക്കും.



Tags:    

Similar News