ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍ പിഎസ്ജിക്ക് ഇന്ന് ഡൂ ഓര്‍ ഡൈ പോര്
മെസ്സി, എംബാപ്പെ ജോഡിയിലാണ് പിഎസ്ജിയുടെ പ്രതീക്ഷ.
ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ചെല്‍സിയും പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയും. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ചെല്‍സിയുടെ ജയം. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയമാണ് ചെല്‍സി നേടിയത്. സ്റ്റെര്‍ലിങ്, ഹാവര്‍ട്‌സ് എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ക്ലബ്ബ് ബ്രൂഗ്‌സിനെ 5-1ന് പരാജയപ്പെടുത്തിയാണ് ബെന്‍ഫിക്കയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഇരുപാദങ്ങളിലുമായി 7-1ന്റെ ജയമാണ് ബെന്‍ഫിക്ക നേടിയത്.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പിഎസ്ജി ബയേണ്‍ മ്യുണിക്കിനെ നേരിടും. പാരിസില്‍ നടന്ന ആദ്യ പാദത്തില്‍ ബയേണ്‍ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയെ മറികടന്നിരുന്നു. ഇന്ന് ബയേണിന്റെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. ഇന്ന് തോറ്റാല്‍ പിഎസ്ജിക്ക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാം. നെയ്മര്‍, മാര്‍ക്വിനോസ് എന്നിവര്‍ പിഎസ്ജി നിരയില്‍ ഇല്ല. മെസ്സി, എംബാപ്പെ ജോഡിയിലാണ് പിഎസ്ജിയുടെ പ്രതീക്ഷ. മുസ്യാല, ചൗപോമോട്ടിങ്, മുള്ളര്‍ എന്നിവര്‍ ബയേണിന്റെ മുന്നേറ്റ നിരയില്‍ തിളങ്ങും. കോമാനും കിമ്മിച്ചു ഗോസെസ്‌കയും കൂടി മധ്യനിരയില്‍ തിളങ്ങുമ്പോള്‍ ബയേണിനെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും.
മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം എസി മിലാനെയും നേരിടും. മിലാന്‍ ആദ്യ പാദത്തില്‍ ഒരു ഗോളിന് വിജയിച്ചിരുന്നു.