ബെര്‍ലിന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെയെ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കരുതെന്ന് മുന്‍ താരം വില്ലി സാഗ്നോള്‍. നിലവിലെ ശാരീരികക്ഷമതയില്‍ ബയേണുമായി ഒത്തുപോവാന്‍ സാനെയ്ക്കാവില്ലെന്നും പകരം ലെവര്‍കൂസന്റെ കെയ് ഹാവര്‍ട്സിനെ സ്വന്തമാക്കണമെന്നുമാണ് മുന്‍ ബയേണ്‍ താരമായ സാഗ്നോളിന്റെ അഭിപ്രായം. മുന്‍ ഷാല്‍ക്കെ താരമായ സാനെ 2016ലാണ് സിറ്റിയില്‍ എത്തിയത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരം കഴിഞ്ഞ ആഗസ്ത് മുതല്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല.
ജര്‍മന്‍ താരമാണെങ്കിലും നിലവില്‍ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ശൈലിയാണ് സാനെയ്ക്കുള്ളത്. 24കാരനായ സാനെയ്ക്ക് ബയേണുമായി ഒത്തുപോവാന്‍ കഴിയില്ല. വന്‍ നഷ്ടമായിരിക്കും താരത്തെ ടീമിലെത്തിക്കുന്നത്. നേരത്തേ 100 കോടി വിലയുണ്ടായിരുന്ന താരത്തിന് നിലവില്‍ 40 കോടിയാണ് സിറ്റി വിലയിട്ടിരിക്കുന്നത്. സാനെയുടെ കരാര്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ബാക്കി നടപടികള്‍ കഴിഞ്ഞതാണ്. സ്ഥിരതയില്ലാത്ത പ്രകടനമാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കൂടിയായ സാനെയ്ക്കുള്ളത്. ലെവര്‍കൂസനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഹാവര്‍ട്സിനെ ടീമിലെത്തിക്കണമെന്നും സാഗ്നോള്‍ ആവശ്യപ്പെട്ടു.