ചാംപ്യന്‍സ് ലീഗ്; യുവന്റസിനെ തകര്‍ത്ത് മെസ്സിപ്പട; ചെല്‍സിക്കും വന്‍ ജയം
ജയത്തോടെ ബാഴ്‌സ ഗ്രൂപ്പ് ജിയില്‍ രണ്ട് ജയവുമായി ഒന്നാമതെത്തി.
ടൂറിന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ ബാഴ്‌സലോണയ്‌ക്കെതിരേ ഇറങ്ങിയ യുവന്റസിന് തോല്‍വി. ചാംപ്യന്‍സ് ലീഗില്‍ ടൂറിനില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെസ്സിപ്പടയുടെ ജയം. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പലതും ഓഫ്‌സൈഡായി യുവന്റസ് തോല്‍വി വഴങ്ങുകയായിരുന്നു. 14ാം മിനിറ്റില്‍ മെസ്സിയുടെ പാസ്സില്‍ നിന്നും ഡെംബലേയാണ് ബാഴ്‌സയ്ക്ക് ലീഡ് നല്‍കിയത്. തുടര്‍ന്ന് ഇഞ്ചുറി ടൈമിലേ പെനാല്‍റ്റിയിലൂടെ മെസ്സി ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി വിജയവും ഉറപ്പിച്ചു. യുവന്റസിനായി നാലോളം ഗോളവസരങ്ങളാണ് മൊറാട്ട നടത്തിയത്. ജയത്തോടെ ബാഴ്‌സ ഗ്രൂപ്പ് ജിയില്‍ രണ്ട് ജയവുമായി ഒന്നാമതെത്തി. എല്‍ ക്ലാസ്സിക്കോയിലെ തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ബാഴ്‌സ ടൂറിനില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഗ്രൂപ്പ് സിയില്‍ നടന്ന പോരാട്ടത്തില്‍ ലംമ്പാര്‍ഡിന്റെ ചെല്‍സിക്ക് വന്‍ ജയം. റഷ്യന്‍ ക്ലബ്ബായ എഫ് കെ കറസനോഡറിനെതിരേ നാല് ഗോള്‍ ജയമാണ് നീലപ്പട നേടിയത്. ഹുഡസ്ണ്‍ ഒഡോയി(37), ടിമോ വാര്‍ണര്‍ (76), ഹക്കിം സിയാച്ച് (79), ക്രിസ്റ്റിയന്‍ പുലിസിക്ക് (90) എന്നിവരാണ് ചെല്‍സിക്കായി വലകുലിക്കിയവര്‍. ഹക്കിമിന്റെ ചെല്‍സിക്കായുള്ള ആദ്യ ഗോളാണ്. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സെവിയ്യ റെനീസിനെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ചെല്‍സി ഒന്നാമതും സെവിയ്യ രണ്ടാമതുമാണ്. ക്ലബ്ബ് ബ്രൂഗ്‌സ് ലാസിയോ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.