ലാ ലിഗ; ബാഴ്‌സയ്ക്ക് തോല്‍വി; ഇംഗ്ലണ്ടില്‍ ചെല്‍സിയും യുനൈറ്റഡും വിജയപാതയില്‍
10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത്‌ലറ്റിക്കോ ബാഴ്‌സയ്‌ക്കെതിരേ ജയം നേടുന്നത്.
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ഇന്ന് നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്‌ലറ്റിക്കോയുടെ ജയം. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത്‌ലറ്റിക്കോ ബാഴ്‌സയ്‌ക്കെതിരേ ജയം നേടുന്നത്. 45ാം മിനിറ്റില്‍ കരാസ്‌ക്കോയാണ് അത്‌ലറ്റിക്കോയുടെ ഗോള്‍ നേടിയത്. ബാഴ്‌സ ഗോളി ടെര്‍സ്‌റ്റേഗന്റെ പിഴയില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. പന്ത് ഡിഫന്റ് ചെയ്യാന്‍ ടെര്‍ സ്റ്റേഗന്‍ മൈതാനത്തിന്റെ മധ്യത്തിലേക്ക് കയറി വന്ന സമയത്ത് കരാസ്‌കോ എളുപ്പത്തില്‍ പന്ത് ഗോള്‍ പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ജയത്തോടെ അത്‌ലറ്റിക്കോ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ബാഴ്‌സ 10ാം സ്ഥാനത്താണ്.
മറ്റൊരു മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ള വിയ്യാറലിനോട് സമനില വഴങ്ങി. 1-1നാണ് സമനില. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മരിയാനോയിലൂടെ റയല്‍ ലീഡെടുത്തിരുന്നു. ആ ലീഡ് 76ാം മിനിറ്റ് വരെ കൊണ്ടുപോകാന്‍ സിദാന്റെ പടയ്ക്കായിരുന്നു. എന്നാല്‍ 76ാം മിനിറ്റില്‍ മൊറീനോയിലൂടെ വിയ്യാറല്‍ സമനില പിടിക്കുകയായിരുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം, മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്, ചെല്‍സി എന്നിവര്‍ ജയം കണ്ടു. ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ച്‌സ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. സണ്‍ ഹേങ് മിന്‍, ലൊ സെല്‍സോ എന്നിവരാണ് ടോട്ടന്‍ഹാമിന്റെ സ്‌കോറര്‍മാര്‍. ജയത്തോടെ ടോട്ടന്‍ഹാം ലീഗില്‍ ഒന്നാമതെത്തി. സിറ്റി ലീഗില്‍ 11ാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് വെസ്റ്റ്ബ്രൂമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ യുനൈറ്റഡ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. 56ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് പെനാല്‍റ്റിയിലൂടെ യുനൈറ്റഡിന് ജയമൊരുക്കിയത്. ന്യൂകാസിലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ചെല്‍സി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളും എബ്രാമിന്റെ ഗോളുമാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. ആസ്റ്റണ്‍ വില്ലയെ ബ്രിങ്ടണ്‍ 2-1നും തോല്‍പ്പിച്ചു. വില്ല ലീഗില്‍ ആറാമതാണ്.