പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം; ഫ്രാന്‍സിന് സമനില

റയല്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ സഹോദരനാണ് തൊറാഗന്‍ ഹസാര്‍ഡ്.

Update: 2021-03-25 05:52 GMT



ടൂറിന്‍: 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. അസര്‍ബെയ്ജാനോട് കഷ്ടിച്ചാണ് പോര്‍ച്ചുഗല്‍ ജയിച്ചത്. അസര്‍ബെയ്ജാന്‍ താരത്തിന്റെ സെല്‍ഫ് ഗോളിലാണ് പോര്‍ച്ചുഗല്‍ ജയിച്ച് കയറിയത്.ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മറ്റ് പോര്‍ച്ചുഗല്‍ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസ്, ജോ ഫ്‌ളിക്‌സ് എന്നിവര്‍ക്കും ഇന്ന് തിളങ്ങാനായില്ല.


മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ബെല്‍ജിയം വെയ്ല്‍സിനെ 3-1ന് തോല്‍പ്പിച്ചു. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബെല്‍ജിയത്തിന്റെ തിരിച്ചുവരവ്. 10ാം മിനിറ്റില്‍ വെയ്ല്‍സ് വില്‍സണിലൂടെ ലീഡെടുത്തു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം ഡി ബ്രൂണി, ഡോര്‍ട്ട്മുണ്ട് താരം തൊറാഗന്‍ ഹസാര്‍ഡ് , ഇന്റര്‍മിലാന്റെ ലൂക്കാക്കു എന്നിവരിലൂടെ ബെല്‍ജിയം തിരിച്ചടിച്ചു. റയല്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ സഹോദരനാണ് തൊറാഗന്‍ ഹസാര്‍ഡ്.


നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ ഉക്രെയ്ന്‍ സമനിലയില്‍ പിടിച്ചു. 1-1 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ബാഴ്‌സാ താരം അന്റോണിയോ ഗ്രീസ്മാന്‍(19) ഫ്രാന്‍സിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഫ്രഞ്ച് താരം കിംമ്പാപ്പെയുടെ സെല്‍ഫ് ഗോള്‍ ഉക്രെയന് തുണയാവുകയായിരുന്നു. തുടര്‍ന്ന് ലീഡെടുക്കാന്‍ ഫ്രഞ്ച് നിരയ്ക്കായില്ല. പോള്‍ പോഗ്‌ബെ, അന്റോണി മാര്‍ഷ്യല്‍, ഒലിവര്‍ ജിറൗഡ് എന്നിവരെല്ലാം ഇന്ന് ഫ്രാന്‍സിനായി ഇറങ്ങിയിരുന്നു.




Tags:    

Similar News