നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് തോല്‍വി; ഫൈനല്‍ റൗണ്ട് പ്രതീക്ഷയ്ക്ക് തിരിച്ചടി
ഗ്രൂപ്പ് ബി ത്രീയില്‍ തുര്‍ക്കി റഷ്യയെ 3-2ന് തോല്‍പ്പിച്ചു.
ലണ്ടന്‍: നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കടക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇന്ന് നടന്ന മല്‍സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയം 2-0ത്തിന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയായിരുന്നു. ടൈല്‍മാന്‍(10), മെര്‍റ്റന്‍സ് (23) എന്നിവരാണ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബെല്‍ജിയം ഗ്രൂപ്പ് എടൂവില്‍ ഒന്നാമതാണ്. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഹാരി കെയ്‌നിനെ മുന്നില്‍ നിര്‍ത്തിയായിരുന്ന ഇംഗ്ലണ്ടിന്റെ ആക്രമണം. എന്നാല്‍ ലൂക്കാക്കൂവിനെ മുന്നില്‍ വച്ച കളിച്ച ബെല്‍ജിയത്തിനായിരുന്നു മുന്‍തൂക്കം. തോല്‍വിയോടെ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ നിന്ന് പുറത്താവുമെന്ന് ഉറപ്പായി. ഗ്രൂപ്പ് എ വണ്ണില്‍ ഇറ്റലി പോളണ്ടിനെ 2-0ത്തിന് തോല്‍പ്പിച്ചു. ജോര്‍ജ്ജിനോ, ബെറാര്‍ഡി എന്നിവരാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. തോല്‍വിയോടെ പോളണ്ടിന്റെ അടുത്ത റൗണ്ട് പ്രവേശനം തുലാസിലായിരിക്കുകയാണ്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ നെതര്‍ലാന്റസ് 3-1ന് ബോസ്‌നിയയെ തോല്‍പ്പിച്ചു. വിജനല്‍ഡാം(ഡബിള്‍), ഡിപേ എന്നിവരുടെ ഗോളുകളാണ് ഓറഞ്ച് പടയ്ക്ക് ജയമൊരുക്കിയത്. ജയത്തോടെ ഹോളണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഗ്രൂപ്പ് ബി ത്രീയില്‍ തുര്‍ക്കി റഷ്യയെ 3-2ന് തോല്‍പ്പിച്ചു. ഗ്രൂപ്പ് എച്ചില്‍ ബള്‍ഗേരിയ 2-1ന് ഫിന്‍ലാന്റിനെ തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ വെയ്ല്‍സ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലാന്റിനെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ഇസ്രായേലിനെ ചെക്ക് റിപ്പബ്ലിക്ക് ഏകപക്ഷീയമായ ഒരു ഗോളിനും തകര്‍ത്തു.