കോപ്പയില്‍ ഗോള്‍മഴ പെയ്യിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

കാസിമിറോ(12), റൊബര്‍ട്ടോ ഫിര്‍മിനോ (19), എവര്‍ട്ടണ്‍ സോറസ്(32), ഡാനി ആല്‍വ്‌സ് (53), വില്ല്യന്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

Update: 2019-06-23 02:44 GMT

കൊറിന്തന്‍സ് അരീന: കോപ്പാ അമേരിക്കയില്‍ ഗോള്‍ മഴ വര്‍ഷിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ പെറുവിനെയാണ് എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് കനേറികള്‍ നോക്കൗട്ടിലെത്തിയത്. മുഴുവന്‍ സമയവും ആക്രമണത്തിലൂന്നി കളിച്ച ടീറ്റെയുടെ കുട്ടികളായിരുന്നു കൊറിന്തന്‍സ് അരീനയിലെ താരങ്ങള്‍. കാസിമിറോ(12), റൊബര്‍ട്ടോ ഫിര്‍മിനോ (19), എവര്‍ട്ടണ്‍ സോറസ്(32), ഡാനി ആല്‍വ്‌സ് (53), വില്ല്യന്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

അവസാന മല്‍സരത്തില്‍ വെനസ്വേലയോട് സമനില പിടിച്ചതിന്റെ നിരാശയിലായിരുന്ന ബ്രസീല്‍ തുടക്കം മുതല്‍ മല്‍സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. കോര്‍ണറിലൂടെയായിരുന്നു കാസിമിറോയുടെ ഗോള്‍. തുടര്‍ന്ന് ലിവര്‍പൂള്‍ താരം ഫിര്‍മിനോയുടെ വക ഒരു നോ ലൂക്ക് ഗോള്‍(പന്തിലേക്കോ ഗോള്‍ പോസ്റ്റിലേക്കോ നോക്കാതെയുള്ള ഗോള്‍). നോ ലൂക്ക് ഗോളില്‍ പ്രശ്‌സതനാണ് ഫിര്‍മിനോ. ബോക്‌സിന് പുറത്ത് നിന്ന് എവര്‍ട്ടന്‍ തൊടുത്ത ഷോട്ട് മൂന്നാം ഗോള്‍. രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആല്‍വ്‌സിന്റെ വകയാണ് നാലാം ഗോള്‍ പിറന്നത്. 90ാം മിനിറ്റില്‍ വില്ല്യനിലൂടെ ബ്രസീല്‍ അഞ്ചാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. രണ്ട് ജയവും ഒരു സമനിലയുമായാണ് ബ്രസീലിന്റെ നോക്കൗട്ട് പ്രവേശനം.

ഗ്രൂപ്പ് എയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബൊളീവിയയെ തോല്‍പ്പിച്ച് വെനസ്വേലയും നോക്കൗട്ടില്‍ കയറി. 3-1നായിരുന്നു വെനസ്വേലയുടെ ജയം. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് സമനിലയും ഒരു ജയവുമായാണ് വെനസ്വേല ക്വാര്‍ട്ടറില്‍ കയറിയത്. 

Tags:    

Similar News