കാനറികളുടെ കുതിപ്പിന് ഉറുഗ്വെ ബ്ലോക്ക്; നെയ്മറിന് ഗുരുതര പരിക്ക്; ഈ സീസണ്‍ നഷ്ടമാവും

7 പോയിന്റ് തന്നെയുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്ത് ആണ്.

Update: 2023-10-18 05:27 GMT

മോണ്ടിവീഡിയോ: 2026 ലോകകപ്പിനായുള്ള ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ. 22 വര്‍ഷങ്ങള്‍ക്കിടെ ബ്രസീലിനെതിരെ ഉറുഗ്വെയുടെ ആദ്യ ജയമാണിത്.ഇന്ന് ഉറുഗ്വേയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് ബ്രസീല്‍ പരാജയപ്പെട്ടത്. ഇത് തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആണ് ബ്രസീലിന് വിജയം വരിക്കാന്‍ കഴിയാത്തത്. കഴിഞ്ഞ മത്സരത്തില്‍ അവര്‍ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ നൂനിയസ് ഇന്ന് ഉറുഗ്വേയുടെ വിജയശില്പിയായി.ഇന്ന് വിരസമായ രീതിയിലാണ് മത്സരം ആരംഭിച്ചത്. ആദ്യ 35 മിനുട്ടില്‍ ഇരു ടീമുകള്‍ക്കും ഒരു ഷോട്ട് ടാര്‍ഗറ്റില്‍ എത്തിക്കാന്‍ പോലും ആയില്ല. 42ആം മിനുട്ടില്‍ ആയിരുന്നു ഡാര്‍വിന്‍ നൂനിയസിന്റെ ഫിനിഷ്. കഴിഞ്ഞ മത്സരത്തില്‍ കൊളംബിയക്ക് എതിരെ ഇഞ്ച്വറി ടൈമില്‍ സമനില ഗോള്‍ നേടി രക്ഷിച്ച നൂനിയസ് ഇന്ന് ആ ഫോം തുടരുകയായിരുന്നു.



ആദ്യ പകുതിയില്‍ ബ്രസീലിന് ഒരു ഷോട്ട് പോലും ടാര്‍ഗറ്റില്‍ എത്തിക്കാന്‍ ആയില്ല. രണ്ടാം പകുതിയില്‍ 77ാം മിനുട്ടില്‍ ഡെ ല ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി. നൂനിയസിന്റെ ഒരു ഗംഭീര അസിസ്റ്റ് ആണ് ഈ ഗോളിന് പിറകില്‍ പ്രവര്‍ത്തിച്ചത്. ഈ വിജയത്തോടെ ഉറുഗ്വേ 4 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റ് തന്നെയുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്ത് ആണ്.

അതിനിടെ അല്‍ ഹിലാല്‍ സൂപ്പര്‍ താരം നെയ്മറിന് മല്‍സരത്തിനിടെ ഗുരുതര പരിക്കേറ്റു. കാല്‍ മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എ സി എല്‍ ഇഞ്ച്വറി ആണെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 44ാം മിനിറ്റിലാണ് താരം ഭീകരമായ ടാക്കിളിന് വിധേയമായത്. ഉറുഗ്വെ താരം നിക്കോളസ് ലീ ഡാ ക്രൂസ് ആണ് താരത്തെ ഫൗള്‍ ചെയ്തത്. പരിക്ക് ഗുരുതരമായതിനാല്‍ നെയ്മര്‍ ഈ സീസണില്‍ ഇനി കളിക്കുന്ന കാര്യം സംശയമാണ്. നെയ്മര്‍ ഇന്ന് കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.


 നെയ്മര്‍ അവസാന സീസണുകളില്‍ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്. അല്‍ ഹിലാലിനായി ഫിറ്റ്‌നസിലേക്കും ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിയെ നേരിടാന്‍ ആയി നെയ്മര്‍ ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും ഈ വാര്‍ത്ത തിരിച്ചടിയാണ്.







Tags:    

Similar News